Kerala News

ഉമ്മൻ ചാണ്ടിക്കെതിരായ പീഡനപരാതി ഗൂഢാലോചന – ഗണേഷ് കുമാറിനെയും വിവാദ ദല്ലാളെയും പരാമർശിച്ച് CBI

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ ലൈംഗിക പീഡന കേസില്‍ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടില്‍, കേസിൽ ഗൂഢാലോചന നടന്നതായി സിബിഐ. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ ആദ്യം എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ, ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യ മനോജ്, വിവാദദല്ലാള്‍ എന്നിവരുടെ കേസിലെ ഇടപെടലിനെക്കുറിച്ചും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഒരുക്കിയത് വിവാദ ദല്ലാളെന്ന മൊഴിയാണ് സിബിഐ ശേഖരിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ ഡ്രൈവറാണ് ഇത് സംബന്ധിച്ച് മൊഴിനല്‍കിയത്. കേസിലെ പ്രധാനസാക്ഷിയും സമാനമൊഴി നല്‍കിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ കിടക്കുമ്പോള്‍ ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിചേര്‍ത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സിബിഐ തെളിവായി കണ്ടെത്തിയിരുന്നു.

പരാതിക്കാരി മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ ആദ്യമെഴുതിയ കത്ത് ഗണേഷ് കുമാര്‍ സഹായിയെ ഉപയോഗിച്ച് കൈക്കലാക്കുകയായിരുന്നെന്ന് മനോജ് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് വിവാദ ദല്ലാളിന് രണ്ട് കത്തുകള്‍ കൈമാറിയതായും മനോജ് മൊഴിനല്‍കിയിട്ടുണ്ട്. പരാതിക്കാരിയെ കേസുമായി മുന്നോട്ടുപോകാന്‍ സഹായിച്ചതും പരാതിക്കാരിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിച്ചതും വിവാദ ദല്ലാളാണെന്നാണ് മൊഴികളിലുള്ളത്.

ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സിബിഐ വ്യക്തമാക്കുന്നുണ്ട്. പീഡിപ്പിച്ചുവെന്ന് സാക്ഷിപറയണമെന്ന് പരാതിക്കാരി പിസി ജോര്‍ജ്ജിനോട് പറഞ്ഞുവെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പീഡിപ്പിച്ചത് കണ്ടില്ലെന്ന മൊഴിയാണ് പിസി ജോര്‍ജ്ജ് സിബിഐക്ക് നല്‍കിയത്.

തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കോടതി ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു.

Related Posts

Leave a Reply