Kerala News

ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കൊപ്പം നിന്നത് പോലെ താനും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍

പുതുപ്പള്ളിയില്‍ ചര്‍ച്ചയായത് 53 വര്‍ഷക്കാലത്തെ വികസനവും കരുതലുമാണെന്ന് ചാണ്ടി ഉമ്മന്‍. ഓരോ വോട്ടും ചര്‍ച്ചയായെന്നും വികസനവും കരുതലും എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ചെന്നും അത് ചര്‍ച്ചയാക്കിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ചാണ്ടി. കഴിഞ്ഞ കുറേക്കാലമായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. അസത്യ പ്രചാരണം നടന്നെന്നും ജനങ്ങളുടെ കോടതിയ്ക്ക് തീരുമാനിക്കുമെന്നും ചാണ്ടി പറഞ്ഞു. ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാര്‍ക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കൊപ്പം നിന്നത് പോലെ താനും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു ഉമ്മന്‍ചാണ്ടിയെ കൊല്ലാതെ കൊന്നെന്നും ഇപ്പോഴും അത് തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫലം എന്തായാലും താന്‍ ഈ നാടിന്റെ ഭാഗമാണ്. അപ്പയാണ് തന്റെ മാതൃകയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പിതാവിന്റെ ആരോഗ്യം സംബന്ധിച്ചും ചികിത്സ സംബന്ധിച്ചും ഒക്കെയാണ് ആക്ഷേപമുയര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. പക്ഷേ സത്യമെന്താണെന്ന് തന്റെ അപ്പ തന്നെ എഴുതി വച്ചിട്ടുണ്ട്. സത്യങ്ങളെല്ലാം സമയമാകുമ്പോള്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ ഏഴിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആംആദ്മി പാര്‍ട്ടിയുടേത് ഉള്‍പ്പെടെ 7 പേര്‍ മത്സരരംഗത്തുണ്ട്.

Related Posts

Leave a Reply