ഗാസിയാബാദ്: പുറത്തുനിന്ന് വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ചോദ്യമുയര്‍ത്തുന്ന മറ്റൊരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് പുറത്തുവരുന്നത്. നഗരത്തിലെ പ്രശസ്തമായ ഒരു കടയില്‍ നിന്ന് ഭക്ഷണം കഴിച്ച യഷ് അറോറ എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇയാള്‍ വാങ്ങിയ സമൂസയില്‍ എട്ടുകാലിയെ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ചയായിരുന്നു സംഭവമുണ്ടായത്. കടയിലെത്തിയ ഉഭഭോക്താവ് സമൂസ വാങ്ങി കഴിക്കുന്നതിനിടെയാണ് ഉള്ളില്‍ ചത്ത എട്ടുകാലിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ യഷ് ഇക്കാര്യം കടയുടമയെ അറിയിച്ചു. സുരക്ഷിതമല്ലാത്ത ഭക്ഷണം വില്‍ക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു.
എന്നാല്‍ വിചിത്ര വാദമായിരുന്നു കടയുടമയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സമൂസയില്‍ കണ്ടത് കൊതുകിനെയാണെന്നാണ് കടയുടമ പറഞ്ഞത്. മാത്രമല്ല, കൊതുക് സമൂസ വിറ്റതിന് ശേഷം വീണതാകാമെന്നുമുള്ള വാദവും കടയുടമ ഉന്നയിച്ചു. ഇത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സുരക്ഷിതമല്ലാത്ത കട പൂട്ടിക്കണമെന്ന് യാഷ് ആവശ്യപ്പെട്ടു. വീഡിയോ പുറത്തുവന്നതോടെ നിരവധി പേര്‍ ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.