India News

ഉത്തരാഖണ്ഡിലെ സിൽക്യാര രക്ഷാദൗത്യം വൈകിയേക്കും; ഡ്രില്ലിങ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചു നിന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം വൈകിയേക്കും. ഡ്രില്ലിങ് അവസാന ഘട്ടത്തിൽ എത്തി നിൽക്കവേ ഡ്രില്ലിങ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചു. ആറ് മീറ്റർ കൂടി കൂടി തുരന്നാല്‍ പൈപ്പ് തൊഴിലാളികളുടെ അടുത്ത് എത്തും എന്ന സ്ഥിതിയിലാണ് മെഷീൻ ഇരുമ്പുപാളിയിൽ ഇടിച്ചത്. തടസം നീക്കാൻ ശ്രമം ആരംഭിച്ചതായി എന്‍ഡിആര്‍എഫ് അറിയിച്ചു. തടസം നീക്കുന്നതിനായി എന്‍ഡിആര്‍എഫ് സംഘം ഓക്സിജന്‍ സിലിണ്ടറുകളുമായി പൈപ്പിനുള്ളിലേക്ക് കയറി. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്.

പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി 30 ആംബുലന്‍സുകള്‍ തയാറാണ്. ഉത്തരകാശിയിലെ ചിന്യാസൗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ സൗകര്യത്തോടെ 41 കിടക്കകള്‍ തയാറാക്കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെ ഋഷികേശിലെ എയിംസിലേക്ക് മാറ്റും. അടിയന്തര ചികില്‍സ നല്‍കുന്നതിനായി തുരങ്കത്തിന് സമീപം താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

സിൽക്യാരയിലെ ദേശീയപാതയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. കഴിഞ്ഞ ഒമ്പത് ദിവസത്തെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ദെഹ്‌റുദാന്‍ ആസ്ഥാനമായ ഒരു എന്‍ജിഒ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് ആരാഞ്ഞത്.

തുരങ്കത്തിനകത്തേക്ക് 53 മീറ്ററുള്ള പൈപ്പ് കടത്തിവിട്ടത് രക്ഷാപ്രവര്‍ത്തനത്തിൽ ഏറെ നിര്‍ണ്ണായകവും പ്രതീക്ഷാവഹവുമാണെന്ന് എന്‍എച്ച്‌ഐഡിസിഎല്‍ ഡയറക്ടര്‍ അന്‍ഷു മനീഷ് ഖല്‍ക്കോ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ഒന്‍പത് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് പൈപ്പ് കടത്തിവിട്ടത്. ഇതുവഴിയാണ് ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും തൊഴിലാളികള്‍ക്ക് എത്തിക്കുന്നത്. ഇതിന് പുറമേ മെച്ചപ്പെട്ട വായു സഞ്ചാരവും ലഭിക്കും.

Related Posts

Leave a Reply