Kerala News

‘ഈ സദസ് ആരെ കബളിപ്പിക്കാൻ’; നവകേരള സദസിനെതിരെ സമസ്ത

കോഴിക്കോട്: സർക്കാരിന്റെ നവകേരള സദസിനെതിരെ സമസ്ത രം​ഗത്ത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് വിമർശനം. ഈ സദസ് ആരെ കബളിപ്പിക്കാൻ എന്ന തലകെട്ടിലാണ് രൂക്ഷവിമർശനങ്ങളുമായി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നവകേരള സദസ് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കൺകെട്ട് വിദ്യയെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ചുള്ളതാണ് ലേഖനം. എംഎൽഎമാർ പങ്കെടുക്കാത്ത സദസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണ മാമാങ്കമെന്നും വിമർശനമുണ്ട്. സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് ആയിരം കോടി ചെലവിട്ട് സദസ് സംഘടിപ്പിക്കുന്നതെന്നും ലേഖനം പറയുന്നു. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെ ലേഖനത്തിൽ പ്രശംസിച്ചിട്ടുമുണ്ട്.

നവ കേരള സദസ്സിന് ഇന്നാണ് തുടക്കം. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെയിൽ വൈകിട്ട് 3.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാലു മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

നവകേരളസദസിനെതിരെ പ്രതിപക്ഷവും ബിജെപിയുമെല്ലാം രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ സർക്കാർ നടത്തുന്ന ഈ പരിപാടി ധൂർത്തും അനാവശ്യവുമാണെന്നാണ് ഇരുകൂട്ടരും ആരോപിക്കുന്നത്. മുഖ്യമന്ത്രിയും കൂട്ടരും തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നതെന്നും വിമർശനമുണ്ട്.

കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടർന്നാണ് ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. ഓരോ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കാൻ പ്രത്യേകം സംവിധാനം ഉണ്ട്. സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേകം പോലീസ് സേനയെയും വിന്യസിച്ചു.

കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ എന്നിങ്ങനെ നിരവധി ആളുകൾ നവ കേരള സദസ്സിന്റെ ഭാഗമാകും.

Related Posts

Leave a Reply