കൊല്ലം: നേതാക്കള്‍ക്കെതിരെ സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും മുകേഷ് എംഎൽഎയ്ക്കുമെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇ പിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കാത്ത രീതിയാണെന്നും പൊതുചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.
മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നില്ല. രാത്രികാലങ്ങളില്‍ മുകേഷ് പ്രചാരണത്തിന് എത്തിയില്ല. പാര്‍ട്ടിയുമായി സഹകരിക്കുന്ന രീതി മുകേഷിനില്ല. നേതാക്കള്‍ തലക്കനം കാട്ടി നടക്കരുത്. ലാളിത്യം ഉണ്ടാകണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
പലസ്തീന് വിഷയത്തില്‍ എം സ്വരാജും കെ കെ ശൈലജയും സമൂഹ മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചെന്നും ചിലര്‍ ചൂണ്ടികാട്ടി.