ഡൽഹി: വിവാദങ്ങൾക്കിടെ ഇലക്ടറൽ ബോണ്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ഫെബ്രുവരി 15ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയനുസരിച്ച് വിവരങ്ങളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നാണ് എസ്ബിഐയുടെ സത്യവാങ്മൂലം. വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയെ അറിയിക്കും.
സൈബര്‍ സുരക്ഷാ കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ട്, കെവൈസി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും എസ്ബിഐ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സിപിഐഎം, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് എല്ലാ വിവരങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നറിയിച്ച് എസ്ബിഐ സത്യവാങ്മൂലം നല്‍കിയത്. ഇലക്ടറൽ ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍, ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടി, ബോണ്ട് തുക തുടങ്ങിയ വിവരങ്ങളാണ് കൈമാറിയത്.