Kerala News

ഇന്ന് സഭ – സോളാറിലെ സിബിഐ റിപ്പോര്‍ട്ട്, മാസപ്പടി വിവാദം; സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ ഒമ്പതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. 14 വരെ തുടരും. ആഗസ്റ്റ് ഏഴ് മുതല്‍ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ക്രമീകരിക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും.

നിയമസഭാ സമ്മേളനം ഇന്ന് പുനരാരാംഭിക്കുമ്പോള്‍ ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തെ ധാരണ. വിവാദ ദല്ലാള്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രിയെ കണ്ടെന്ന പരാമര്‍ശം സര്‍ക്കാരിനെതിരെ ആയുധമാക്കും. മുഖ്യമന്ത്രിയുടെ മകള്‍ സ്വകാര്യ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങിയതായുള്ള വിവാദവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. മാസപ്പടി വിവരം പുറത്ത് വന്ന ശേഷം ഒരു ദിവസം മാത്രമായിരുന്നു സഭ സമ്മേളിച്ചത്.

നാല് ഉപധനാഭ്യര്‍ത്ഥനകള്‍ സംബന്ധിച്ച ചര്‍ച്ചയിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും. മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുക ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നീക്കം. ഇന്ന് മൂന്ന് ബില്ലുകള്‍ സഭ പരിഗണിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന ബില്ലടക്കം മൂന്ന് ബില്ലും ഇന്ന് നിയമമാകും. കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിക്ക് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതിനാല്‍ എ സി മൊയ്തീന്‍ എംഎല്‍എ ഇന്ന് സഭയിലുണ്ടാകില്ല.

പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മന്‍ ഇന്ന് നിയമസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്യും. ചോദ്യോത്തര വേളക്ക് ശേഷം രാവിലെ 10നാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെയാണ് സത്യപ്രതിജ്ഞ. പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്ത് തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് സമീപമാകും ചാണ്ടി ഉമ്മന്റെ നിയമസഭയിലെ ഇരിപ്പടം. ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ ഇരിപ്പടം നേരത്തെ എല്‍ജെഡി എംഎല്‍എ കെ പി മോഹനന് നല്‍കിയിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം നിശ്ചയിച്ചിരിക്കുന്ന നിയമസഭാംഗങ്ങളുടെ ഫോട്ടെസെഷനിലും ചാണ്ടി ഉമ്മന്‍ പങ്കെടുക്കും.

Related Posts

Leave a Reply