India News Sports

ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ

ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന അവസാന കളിയില്‍ 133 റണ്‍സിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ്ങിനെ തുടര്‍ന്ന് ബംഗ്ലാദേശിന് പൊരുതി നോക്കാന്‍ പോലും കഴിയാത്ത കണക്കിലേക്ക് സ്‌കോര്‍ എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. ഇന്ത്യ മൂന്നാംമാച്ചിലും വിജയം നേടിയതോടെ പരമ്പര ഇന്ത്യന്‍ യുവ നിര തൂത്തുവാരി. ടി20യിലെ ആദ്യ സെഞ്ച്വറി തികച്ച സഞ്ജു സാംസണാണു കളിയിലെ താരം. നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയിലും എല്ലാ ഇന്നിംഗ്‌സുകളും തോറ്റാണ് ബംഗ്ലദേശ് മടങ്ങുന്നത്.

മറുപടി ബാറ്റിംഗിന് എത്തിയ ബംഗ്ലാദേശ് ഓപ്പണര്‍മാരില്‍ പര്‍വേസ് ഹുസൈനെ മയങ്ക് യാദവ് പുറത്താക്കിയായിരുന്നു ഇന്ത്യ അറ്റാക്ക് കുടങ്ങിയത്. വലിയ വിജയലക്ഷ്യത്തിലേക്ക് എത്താന്‍, ബൗണ്ടറിക്കും സിക്‌സറുകള്‍ക്കും ശ്രമിക്കുന്നതിനിടെയാണ് ബംഗ്ലാദേശ് നിരയില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നത്. മധ്യനിര ബാറ്റര്‍മാരില്‍ ലിറ്റന്‍ ദാസും തൗഹിദ് ഹൃദോയും കൈകോര്‍ത്തതോടെ സ്‌കോര്‍ 100 കത്താനായെങ്കിലും 42 റണ്‍സെടുത്ത ലിറ്റന്‍ ദാസ് പൊടുന്നനെ ക്രീസ് വിടുന്ന കാഴ്ച്ചയാണ് കണ്ടത്. രവി ബിഷ്‌ണോയി എറിഞ്ഞ ബോളില്‍ തിലക് വര്‍മ ക്യാച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് വീശാനെത്തിയ ബംഗ്ലാദേശ് താരങ്ങള്‍ ഓരോരുത്തരായി ഇന്ത്യന്‍ ബോളര്‍മാരുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മടങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. 35 ബോളില്‍ നിന്ന് അര്‍ധ സെഞ്ച്വറി തികച്ച തൗഹീദ് ഹൃദോയ് ആണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. അവസാന രണ്ട് ഓവറുകളില്‍ 148 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 15 റണ്‍സ് മാത്രമാണ് 12 ബോളുകളില്‍ നിന്ന് കണ്ടെത്താനായത്. ഇതോടെ ഇന്ത്യ വലിയ മാര്‍ജിനില്‍ വിജയിച്ചു.

ഇന്ത്യക്കായി സഞ്ജു സാംസണ്‍ നേടിയ റണ്‍മലയിലായുടെ കൂടി കരുത്തിലാണ് ഇന്ത്യ ഫീല്‍ഡിങ്ങിനിറങ്ങിയത്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 297 റണ്‍സ്. ടെസ്റ്റ് പദവിയുള്ള ടീമുകളിലെ ഏറ്റവും ഉയര്‍ന്ന ട്വന്റി20 സ്‌കോറാണിത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തില്‍ നിന്നാണ് സെഞ്ച്വറിയടക്കം 111 റണ്‍സെടുത്തത്. 40 പന്തുകളില്‍നിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറിയിലെത്തിയത്. എട്ട് സിക്‌സറുകളും 11 ഫോറുകളും സഞ്ജു ഹൈദരാബാദിലെ സ്റ്റേഡിയത്തില്‍ അടിച്ചുകൂട്ടി. 35 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ യാദവ് 75 റണ്‍സെടുത്തു. പതിമൂന്ന് പന്തില്‍ നിന്ന് റിയാന്‍ പരാഗ് 34 ഉം 18 പന്തില്‍ നിന്ന് 47 റണ്‍സ് എടുത്ത ഹര്‍ദിക് പാണ്ഡ്യ എന്നിവരും തിളങ്ങി. നാല് പന്തില്‍ നിന്നായി നാല് റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്.

Related Posts

Leave a Reply