Kerala News

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരം ഇന്ന് കാര്യവട്ടത്ത്

തിരുവനന്തപുരത്ത്‌ ഇന്ന്‌ ക്രിക്കറ്റ്‌ കാര്‍ണിവല്‍. ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 7 ന് ആരംഭിക്കും. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഒപ്പമെത്താനാകും ഓസ്‌ട്രേലിയയുടെ ശ്രമം.

മത്സരത്തിന് മഴ ഭീഷണിയുയർത്തുന്നുണ്ടെങ്കിലും ആവേശം ഒട്ടും ചോരില്ലെന്നാണ് പ്രതീക്ഷ. മഴ പെയ്താലും രണ്ട് മണിക്കൂർ മഴ മാറിനിന്നാൽ മത്സരം നടത്താനുള്ള സൗകര്യങ്ങളും സ്റ്റേഡിയത്തിൽ തയാറാണ്. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ മത്സരത്തിലെ വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് സൂര്യകുമാർ യാദവ്. വിജയ ടീമിൽ മാറ്റം വരുത്താൻ ടീം മാനേജ്‌മെന്റ് മുതിർന്നേക്കില്ല.നിലവിൽ ഇന്ത്യ 1-0 ന്‌ മുന്നിലാണ്‌.

ഏകദിന ലോകചാമ്പ്യൻമാരായ ഓസ്‌ട്രേലിയക്ക് ആതിഥേയരെ ഒപ്പമെത്താനുള്ള അവസരമാണിത്. കാര്യവട്ടത്ത്‌ റണ്ണൊഴുകും പിച്ചാണ്‌ ഒരുക്കിയിരിക്കുന്നതെന്നാണ്‌ സൂചന. രാത്രി ഏഴിനു തുടങ്ങുന്ന മത്സരം ജിയോ സിനിമയിലും സ്‌പോര്‍ട്‌സ് 18 ചാനലിലും തല്‍സമയം കാണാം. നേരത്തെ വിശാഖപട്ടണത്ത് ഓസ്‌ട്രേലിയ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം സൂര്യ, ഇഷാൻ കിഷൻ, റിങ്കു സിങ് എന്നിവരുടെ മിന്നുന്ന ബാറ്റിംഗിൽ ഇന്ത്യ മറികടന്നു.

Related Posts

Leave a Reply