India News International News Sports

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ഇനി ക്രിക്കറ്റ് ലോകമൊന്നാകെ ഇന്ത്യയിലേക്ക് ചുരുങ്ങും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് ഇന്ന് തിരിതെളിയും. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണറപ്പായ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെയാണ് ഒന്നരമാസം നീളുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. 2019 ലോകകപ്പിലെ കലാശപ്പോരാട്ടത്തിന്റെ തനിയാവര്‍ത്തനമെന്നോണമായിരിക്കും 2023 ലോകകപ്പിലെ ആദ്യ മത്സരം.

ഇന്ത്യയിലെ പത്ത് നഗരങ്ങളിലായാണ് ലോകകപ്പിന്റെ 13-ാം പതിപ്പിലെ മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യ പൂര്‍ണമായും ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ലോകകപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഒന്നാം റാങ്കുകാരായ ഇന്ത്യ തന്നെയാണ് ഇത്തവണത്തെ ലോകകപ്പ് ഫേവറിറ്റുകള്‍. 1983ലെയും 2011ലെയും ചരിത്രം ആവര്‍ത്തിക്കാനുള്ള സുവര്‍ണാവസരമായിട്ട് തന്നെയായിരിക്കും ‘മെന്‍ ഇന്‍ ബ്ലൂ’ സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ലോകകപ്പിനെ കാണുന്നത്.

ഇത്തവണ പത്ത് ടീമുകളാണ് ലോകകിരീടം നേടാനുള്ള പോരാട്ടത്തിനായി ഇന്ത്യന്‍ മണ്ണിലെത്തുന്നത്. 46 ദിനരാത്രങ്ങളിലായി നടക്കുന്ന 48 മത്സരങ്ങളില്‍ പത്ത് രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടും. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം. നവംബര്‍ 15ന് മുംബൈയിലും 16ന് കൊല്‍ക്കത്തയിലുമാണ് സെമി ഫൈനല്‍. നവംബര്‍ 19ന് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ലോകക്രിക്കറ്റിലെ രാജാക്കന്മാര്‍ ആരെന്ന് വിധിക്കപ്പെടും.

Related Posts

Leave a Reply