Entertainment India News Kerala News

ഇന്ത്യൻ സിനിമയിൽ 50 വർഷം; അഭിനയ വിസ്മയത്തിന് 69-ാം ജന്മദിനം

ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ നടന്മാരിൽ ഒരാളാണ് കമൽ ഹാസൻ. 1960 ൽ ‘കളത്തൂർ കണ്ണമ്മ’യിലൂടെ ബാലതാരമായാണ് കമൽഹാസൻ അരങ്ങേറ്റം കുറിയ്ക്കുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ ഈ നായകൻ വരവറിയിച്ചത് ദേശീയ പുരസ്കാരം വാങ്ങിക്കൊണ്ടായിരുന്നു. ‘കണ്ണും കരളു’മാണ് കമൽഹാസന്റെ ആദ്യ മലയാള ചിത്രം. പിന്നീട് ‘കന്യാകുമാരി’ എന്ന ചിത്രത്തിലൂടെ നായകനായി. കമൽ ഹാസനെന്ന എവർഗ്രീൻ റൊമാന്റിക് ഹീറോയുടെ പിറവിയായിരുന്നു അത്. പിന്നാലെ യുവാക്കളുടെ ഹരമായി പ്രേക്ഷകരുടെ നായകനായി മാറി. 1976 മുതൽ 1980 വരെ തെന്നിന്ത്യൻ സിനിമകളിലെല്ലാം കമൽഹാസന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. സൗത്തിൽ പയറ്റി തെളിഞ്ഞു തുടങ്ങിയ നടൻ ഹിന്ദിയിലും ചുവടുറപ്പിച്ചു. പ്രണയം, വിരഹം ആക്ഷൻ തുടങ്ങി എല്ലാത്തിലും കമലിന് സ്വന്തം ശൈലിയുണ്ട്. നാല് വ്യത്യസ്ത കഥാപാത്രങ്ങളുമായെത്തിയ ‘മൈക്കിൾ മദനകാമരാജൻ’ കണ്ട് ചിരിക്കാത്ത ആസ്വാദകർ ഉണ്ടാകില്ല. ‘അപൂർവ സഹോദരങ്ങൾ’, ‘മൂന്നാം പിറൈ’, ‘തേവർമകൻ’, ‘സാഗര സംഗമം’, ‘ദശാവതാരം’, ‘തെന്നാലി’, ‘ആളവന്താൻ’, ‘അൻപേ ശിവം’, ‘ഹേ റാം’, ‘അവൈ ഷൺമുഖി’ തുടങ്ങി ഏറ്റവും പ്രിയപ്പെട്ട കമൽ ചിത്രം തെരഞ്ഞെടുക്കുക ശ്രമകരമാണ്. അഭിനയം മാത്രമല്ല, നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ കമൽ, ‘വിശ്വരൂപം’, ‘ഹേയ്റാം’, ‘വിരുമാണ്ടി’ ചിത്രങ്ങളിലൂടെ സംവിധായകന്റെ കുപ്പായവും അണിഞ്ഞു. കൂടാതെ ഗായകൻ, കൊറിയോഗ്രാഫർ, നിർമാതാവ് എന്നിങ്ങനെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും എന്ത് ജോലിയും കമൽഹാസന് സാധിക്കും. നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, 9 സംസ്ഥാന പുരസ്കാരം, 19 ഫിലിം ഫെയർ അവാർഡ് 1990ൽ പത്മശ്രീ, 2014ൽ പത്മഭൂഷൺ, 2016ൽ ഷെവലിയാർ തുടങ്ങി കമലിന്റെ കരിയറില്‍ പൊൻതൂവലുകൾ ഏറെയാണ്.

കാലത്തിനൊപ്പം നടക്കുന്ന നടനാണ് കമൽ. അതിന് ‘വിക്രം’ എന്ന ഉദാഹരണം തന്നെ മതിയാകും. സമൂഹത്തിലെ അനീതികൾക്കെതിരെ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് 2018 ൽ മക്കൾ നീതി മയ്യം എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയ കമൽ ഹാസൻ, ആനുകാലിക വിഷയങ്ങളിൽ ആർജവത്തോടെ നിലപാടെടുത്തിട്ടിണ്ട്.

അമിതാഭ് ഭച്ചനും പ്രഭാസിനുമൊപ്പമുള്ള കൽക്കി, 36 വർഷങ്ങൾക്ക് ശേഷം മണിരത്നവുമായി ഉന്നിക്കുന്ന തഗ് ലൈഫ് എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന കമലിന്റെ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍. 1996ൽ പുറത്തിറങ്ങിയ, ഓസ്കർ എൻട്രി വരെ നേടിയ ഇന്ത്യൻ കമലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ഇന്ത്യൻ 2’വിലൂടെ സേനാപതി വീണ്ടുമെത്തുമ്പോൾ പ്രേക്ഷകർ കമൽഹാസൻ എന്ന നടനിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസവും ഒപ്പം എന്ത് വിസ്മയമാകും കമൽ ഇനി സൃഷ്ടിക്കുക എന്ന ആകാംക്ഷയും വളരെ വലുതാണ്. 69ന്റെ ചുറുചുറുക്കിൽ തിളങ്ങുന്ന ഇന്ത്യൻ സിനിമയുടെ ലജൻഡായ ഉലകനായകന് പുറന്തനാൾ വാഴ്ത്ത്ക്കൾ.

Related Posts

Leave a Reply