ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ശംഖ് എയറിന് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്താനുമതി നല്‍കി. ഫ്‌ളൈറ്റ് ഓപറേറ്റ് ചെയ്യുന്നതിന് ഇനി ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷന്റെ അനുമതി(ഡിജിസിഎ) കൂടി വേണം.
ഉത്തർപ്രദേശിൽ നിന്നും ആദ്യമായാണ് ഒരു വിമാനക്കമ്പനി വരുന്നത്. നോയിഡ, ലക്‌നൗ എന്നിവയായിരിക്കും പ്രധാന കേന്ദ്രങ്ങൾ. ഇവിടെനിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ആവശ്യക്കാരേറെയുള്ളതും അതേസമയം നേരിട്ടുള്ള സര്‍വീസുകള്‍ കുറവുള്ള നഗരങ്ങളെയും ലക്ഷ്യമാക്കിയാകും പ്രവര്‍ത്തിക്കുക. വ്യവസായിയായ ശർവൻ കുമാർ വിശ്വകർമയാണ് ചെയർമാൻ. ബോയിങ് 737–800 എൻജി നാരോ ബോഡി വിമാനവുമായിട്ടാകും സർവീസ് തുടങ്ങുക.
ഇന്ത്യയില്‍ ആഭ്യന്തര വിമാനകമ്പനികള്‍ തമ്മിലുള്ള മത്സരം കടുക്കുന്ന അവസരത്തിലാണ് പുതിയ എയര്‍ലൈന്‍ കമ്പനിയുടെ ഉദയം. ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഇന്ത്യ വിപണി വിഹിതത്തില്‍ കാര്യമായ മുന്നേറ്റം നടത്തുന്നുണ്ട്.