Kerala News

ഇനി മുതല്‍ ട്രയിന്‍ യാത്രയ്ക്കിടയിലും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് ഇഷ്ടമള്ള ഭക്ഷണം കഴിക്കാം.

ഇനി മുതല്‍ ട്രയിന്‍ യാത്രയ്ക്കിടയിലും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് ഇഷ്ടമള്ള ഭക്ഷണം കഴിക്കാം. സൊമാറ്റോയും ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷ (ഐആര്‍സിറ്റിസി)നുമായി ചേര്‍ന്ന് ട്രെയിന്‍ കോച്ചുകളിലേക്ക് നേരിട്ട് ഭക്ഷണവിതരണത്തിനായി കരാറായിരിക്കുന്നു. ഇഷ്ടപ്പെട്ട റസ്റ്റൊറന്റുകളില്‍നിന്ന് വിവിധതരം ഭക്ഷണങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാണ്. ഇപ്പോള്‍ 88 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണ്. ഇതിനോടകംതന്നെ 100ലധികം റയില്‍വേസ്‌റ്റേഷനുകളിലായി 10 ലക്ഷത്തിലധികം ഓര്‍ഡറുകളാണ് വിതരണം ചെയ്തുകഴിഞ്ഞത്. സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യാത്ര ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് മാത്രമല്ല, ട്രെയിനിനായി കാത്തിരിക്കുന്നവര്‍ക്കും സ്റ്റേഷന്‍ പരിസരത്ത് കൂടി കടന്നുപോകുന്ന ഏതൊരു വ്യക്തിക്കും സൊമാറ്റോ ആപ്പില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.സൊമാറ്റോയും ഐആര്‍സിടിസിയും തമ്മിലുള്ള ഈ സഹകരണം ആദ്യഘട്ടത്തില്‍ 2023-ല്‍ ന്യൂഡല്‍ഹി, പ്രയാഗ്രാജ്, കാണ്‍പൂര്‍, ലഖ്നൗ, വാരണാസി എന്നീ അഞ്ച് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലായിരുന്നു നടപ്പാക്കിയത്. ഈ സേവനത്തിന് യാത്രക്കാരില്‍ നിന്ന് ലഭിച്ച നല്ല പ്രതികരണം പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ സൊമാറ്റോയെ പ്രേരിപ്പിക്കുകയായിരുന്നു. ഡല്‍ഹി, അഹമ്മദാബാദ്, നാഗ്പൂര്‍, ഗോവ, ഭോപ്പാല്‍, സൂറത്ത് തുടങ്ങിയ വലിയ റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 100-ലധികം വലുതും ചെറുതുമായ റെയില്‍വേ സ്റ്റേഷനുകളില്‍ ഈ സേവനം യാത്രക്കാര്‍ക്കായി ലഭ്യമാണ്. വര്‍ഷങ്ങളായി പ്രാദേശിക വഴിയോരക്കച്ചവടക്കാരെയും റെയില്‍വേ സ്റ്റേഷനിലെ ചിലയിനം ഭക്ഷണങ്ങളെയും മാത്രം യാത്രക്കാര്‍ ആശ്രയിച്ചുവരികയായിരുന്നു. സൊമാറ്റോയുമായി ബന്ധപ്പെട്ട ഈ സേവനം, ഐആര്‍സിടിസിക്കും അതിന്റെ ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.

Related Posts

Leave a Reply