Entertainment Kerala News

ഇത് ‘നേര്’; 100 കോടി ക്ലബ് വീണ്ടും തന്റേതാക്കി മോഹൻലാൽ

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് തിയേറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. പുതിയ റിലീസുകൾ വന്നെങ്കിലും സിനിമയുടെ കുതിപ്പിനെ ഒരുതരത്തിലും അത് ബാധിക്കുന്നില്ല. ഇപ്പോഴിതാ ചിത്രം നൂറ് കോടി ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചത്. ‘മലയാളികളുടെ ആശീർവാദത്തോടെ ഈ കൂട്ടുകെട്ട് 100കോടിയിൽ’ എന്ന കുറിപ്പോടെയാണ് ഇക്കാര്യം ആശിർവാദ് അറിയിച്ചിരിക്കുന്നത്.

ഈ നേട്ടത്തോടെ 2023ൽ റിലീസ് ചെയ്ത സിനിമകളിൽ നൂറ് കോടി ബിസിനസ് സ്വന്തമാക്കിയ മൂന്നാമത്തെ സിനിമയായിരിക്കുകയാണ് നേര്. 2018, ആർ‍ഡിഎക്സ് എന്നിവയാണ് കഴിഞ്ഞ വർഷം 100കോടിയിലെത്തിയ മറ്റ് സിനിമകൾ. അതിനൊപ്പം പുലിമുരുകൻ, ലൂസിഫർ എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിൽ ഇടം നേടുന്ന മോഹൻലാൽ ചിത്രം കൂടിയാണ് നേര്.

ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയത് സിനിമയുടെ പ്രത്യേകതയാണ്. താരത്തിനൊപ്പം അനശ്വര രാജനും കൈയ്യടി നേടുന്നുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ എഴുതിയത്.

Related Posts

Leave a Reply