ഇടുക്കി: പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച 10 വയസുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവൻ ജഗദീഷ് – ശാരദാ ദമ്പതികളുടെ മകൾ അതുല്യ (10) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ചതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെയും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി രാത്രി പനി കൂടുതലായതിനെ തുടർന്ന് തിരികെ കൊണ്ടുവരികയും വെളുപ്പിനെ മൂന്നുമണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൃത്യമായ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ വ്യക്തമാവുകയുള്ളൂ. അതുല്യയുടെ കുടുംബം കഴിഞ്ഞ മൂന്നു മാസക്കാലമായി പാമ്പനാറിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പീരുമേട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.