ഇടുക്കി നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിച്ച നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ടു പോലീസുകാർക്കും പൊള്ളലേറ്റിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഷീബയുടെ സ്ഥലം പണയപ്പെടുത്തി 20 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇത് പലിശയും കൂട്ടുപലിശയുമായി 36 ലക്ഷത്തിലെത്തി. ഈ തുക തിരിച്ചടയ്ക്കാതെ വന്നതോടെ ബാങ്ക് നിയമനടപടിയുമായി കോടതിയെ സമീപിച്ചു. രണ്ടാഴ്ചക്കുള്ളിൽ ജപ്തി നടപടികൾ പൂർത്തിയാക്കാൻ തൊടുപുഴ സിജെഎം കോടതി ഉത്തരവിട്ടു. ഇതിനായി പോലീസ് അകമ്പടിയോടെ കോടതി നിയോഗിച്ച കമ്മീഷൻ എത്തിയപ്പോഴാണ് ദീപ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
