Kerala News

ഇടുക്കി തൊടുപുഴ; ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി.

തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി. തട്ടിപ്പിനിരയായ മൂന്നുപേര്‍ ഇടുക്കി തൊടുപുഴ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. മുട്ടം മാത്തപ്പാറ സ്വദേശി കെ ജെ അമലിനെതിരെയാണ് പണം നൽകി പറ്റിക്കപ്പെട്ട യുവാക്കൾ പരാതി നല്‍കിയത്. തട്ടിപ്പിനിരയായ മുട്ടം സ്വദേശി ഷോണറ്റ്, ഇടമറുക് സ്വദേശി അഞ്ജന മോഹന്‍, മൂലമറ്റം സ്വദേശി ജിപ്‌സി മോള്‍ ജയ്‌സണ്‍ എന്നിവരാണ് തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയത്.

മലേഷ്യയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അമൽ ഇവരിൽ നിന്നും 2,20,000 രൂപ തട്ടിയെടുത്തു. ഇവരുള്‍പ്പടെ ആറു പേര്‍ ഇത്തരത്തിൽ പണം നല്‍കി. അമലും കൂട്ടാളികളായ ജിബിന്‍ സണ്ണി, ഹരിപ്പാട് സ്വദേശികളായ ജോണ്‍, മനോജ് എന്നിവരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറയുന്നു. ആറു മാസം മുമ്പാണ് അമൽ ഇവരിൽ നിന്നും പണം വാങ്ങിയത്. പിന്നീട് ജോലിയും പണവും ലഭിക്കാതെ വന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഒരാള്‍ക്ക് വിമാന ടിക്കറ്റും പിന്നീട് വര്‍ക്ക് പെര്‍മിറ്റും അയച്ചു നല്‍കിയെങ്കിലും ഇത് വ്യാജമായിരുന്നു. ഇതിനിടെ ജോലിക്കായി രേഖകള്‍ തയ്യാറാക്കിയ കോട്ടയം സ്വദേശി 60,000 രൂപ വീതം നാലു പേര്‍ക്ക് മടക്കി നല്‍കി. ഇപ്പോള്‍ അര്‍മേനിയയിലുള്ള അമലിനെ പല തവണ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ ഫോണ്‍ എടുക്കാറില്ലെന്ന് പണം നഷ്ടപ്പെട്ടവർ പറയുന്നു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Related Posts

Leave a Reply