കുമാരമംഗലം: ഇടുക്കി കുമാരമംഗലം പഞ്ചായത്തിൽ പരാതിയുമായി എത്തിയ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ പഞ്ചായത്ത് സെക്രട്ടറി ആക്ഷേപിച്ചതായി പരാതി. സെക്രട്ടറി ഷേർളി ജോണിനെതിര തൊടുപുഴ ന്യൂമാൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ഇസ്മായിൽ മുഹമ്മദ് പോലീസിൽ പരാതി നൽകി.
അയൽവാസിയുടെ പുരയിടത്തിൽ നിന്നും വീടിന് മുകളിലേക്ക് മലിന ജലം ഒഴുകിയെത്തുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുമ്പ് ഇസ്മായിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. തുടർന്ന് നവകേരള സദസിലും പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് പിതാവ് മുഹമ്മദിൻറെ സഹായത്തോടെ ഇസ്മയിൽ പഞ്ചായത്തിലെത്തിയത്. 15 മിനിട്ടോളം സംസാരിച്ചിട്ടും സെക്രട്ടറി വ്യക്തമായ പരിഹാരം നിർദ്ദേശിച്ചില്ല. നിരാശരായി പിതാവിനൊപ്പം പുറത്തേക്കിറങ്ങിയപ്പോൾ സെക്രട്ടറി ആക്ഷേപിച്ചു സംസാരിച്ചു എന്നാണ് പരാതി.
ചലനപരിമിതിയുള്ള വിദ്യാർത്ഥിയുടെ കുറവിനെക്കുറിച്ച് പരിഹസിച്ചായിരുന്നു ആക്ഷേപമെന്നാണ് ഇസ്മായിൽ പറയുന്നത്. സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്മയിൽ തൊടുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടെ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതിയുമായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ ഇസ്മായിലിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോൺ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ഓഫീസിലെത്തിയപ്പോൾ തന്നെ അസഭ്യം പറയുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു. പൊലീസിൽ സംരക്ഷണം ആവശ്യപ്പെട്ടതോടെയാണ് ഇരുവരും ഓഫീസിൽ നിന്ന് പോയതെന്നാണ് സെക്രട്ടറി പറയുന്നത്.
