മൂലമറ്റം: ഇടുക്കി വനത്തിൽ അപകടത്തിൽപ്പെട്ട കാറിലുള്ളവർക്ക് രക്ഷകരായി മലപ്പുറത്തെ വിനോദ സഞ്ചാരികൾ. മൂവർ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇവരെയാണ് ഇടുക്കി ഡാം കണ്ട് മടങ്ങിവരുകയായിരുന്ന മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ പതിനഞ്ചംഗ സംഘം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയത്. വാഹനത്തിലുണ്ടായിരുന്ന തോർത്തും ഉടുമുണ്ടും മറ്റുമെല്ലാം കൂട്ടിക്കെട്ടി കൊക്കയിലേക്കിറങ്ങിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. സംഭവസമയം പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കാൻ വിനോദസഞ്ചാരികൾ ശ്രമിച്ചെങ്കിലും നെറ്റ് വർക്ക് ഇല്ലാത്തതിനാൽ സാധിച്ചിരുന്നില്ല.
രക്ഷപ്പെടുത്തിയവരുടെ വാക്കുകൾ
ഇടുക്കി ഡാം കണ്ട് തിരികെ വരുന്ന വഴിക്ക് ഒരു ഓട്ടോഡ്രൈവർ വാഹനം കൈ കാണിച്ച് നിർത്തി ഒരു കാർ കൊക്കയിലേക്ക് വീണിട്ടുണ്ടെന്ന് പറഞ്ഞു. പുറത്തിറങ്ങി നോക്കിയപ്പോൾ 30 അടി താഴ്ചയിലായിരുന്നു വാഹനം. കൊക്കയിൽ ഇറങ്ങുക എന്നത് ദുഷ്കരമായി തോന്നിയെങ്കിലും വാഹനത്തിലുണ്ടായിരുന്ന തോർത്തും ഉടുമുണ്ടും മറ്റുമെല്ലാം കൂട്ടിക്കെട്ടി താഴോട്ട് ഇറങ്ങി. തെന്നിക്കിടന്ന പ്രദേശത്ത് പല തവണ വഴുതി വീണു.
ഏറെ പ്രയാസപ്പെട്ട് കാറിലുണ്ടായിരുന്ന ഓരോരുത്തരെയും പുറത്തിറക്കി റോഡിലേക്ക് എത്തിച്ചു. ഇവരെ മറ്റൊരു വാഹനത്തില്‍ ഇടുക്കി താലൂക്ക് ആശുപത്രിയിലേക്ക് കയറ്റിവിട്ടു. തുടർന്ന് തങ്ങൾ മലപ്പുറത്തേക്ക് യാത്ര തുടർന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തിൽപെട്ട വാഹനത്തിലുണ്ടായിരുന്നത്. ഇവരെ രക്ഷിക്കുന്ന സമയത്ത് റോഡിൽ നിന്നവരിൽ ആരോ പകർത്തിയ വിീഡിയോ പ്രചരിച്ചതോടെയാണ് ഞായറാഴ്ച നടന്ന അപകട വിവരം പുറത്തറിയുന്നത്.