തിരുവനന്തപുരം: ആൾതാമസമില്ലാതെ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 70000 രൂപയും കവർന്നു. കാരക്കോണം ത്രേസ്യാപുരത്ത് മിലിറ്ററി ജീവനക്കാരനായ സന്തോഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ പ്രിയ കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് ആണ്. ജോലിയുടെ ഭാഗമായി സന്തോഷും ഭാര്യയും സ്ഥലത്തില്ലാത്തതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു.
ആളില്ലാത്ത വീട്ടിലെ മുൻ വാതിൽ തുറന്നുകിടന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി വിവരം കോട്ടയത്തുള്ള വീട്ടുടമ പ്രിയയെ അറിയിക്കുകയായിരുന്നു. കാക്കോണത്തെ വീട്ടിലെത്തിയ പ്രിയ വെള്ളറട പൊലീസിൽ നൽകിയ പരാതിയെത്തുടർന്നെത്തിയ പൊലീസും ഡോഗ് സ്‌കോഡും വീട്ടിലെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മോഷണം നടന്നത് എന്നാണെന്ന വിവരം വ്യക്തമല്ലാത്തതിനാൽ സമീപത്തെ സിസിടിവി പരിശോധിക്കാനാണ് പൊലീസിൻ്റെ തീരുമാനം.