പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി
പാലക്കാട്: ആളുമാറി 82കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോർട്ട്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തിൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച പറ്റിയതായി തെളിഞ്ഞത്. അന്വേഷണ റിപ്പോർട്ട് എസ് പിക്ക് കൈമാറി. പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വ്യക്തമാക്കി. ആളുമാറി അറസ്റ്റിലായ ഭാരതിയമ്മ പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
വെണ്ണക്കര സ്വദേശിയായ രാജഗോപാലിന്റെ വീട്ടിൽ ജോലിക്കെത്തിയ സ്ത്രീക്കെതിരെ 1998ൽ എടുത്ത കേസിലാണ് ഭാരതിയമ്മ നാല് വർഷം കോടതി കയറിയിറങ്ങിയത്. ഇനി ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞതിൽ പ്രതിഷേധിച്ച് വീട്ടുജോലിക്കാരി വീട്ടിലെ ചെടിച്ചട്ടിയും ജനൽചില്ലും തകർത്തു, അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടുടമയായ രാജഗോപാൽ പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകി.
പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് ഭാരതിയമ്മ എന്നായിരുന്നു വീട്ടുജോലിക്കാരി നൽകിയിരുന്ന പേര്. വീട്ടുപേര് യഥാർത്ഥ ഭാരതിയമ്മയുടേതും നൽകി. തുടർന്ന് ജാമ്യത്തിലിറങ്ങിയ വീട്ടുജോലിക്കാരി ഒളിവിൽ പോയി. കേസ് അന്വേഷിച്ച പൊലീസ് 20 വർഷത്തിന് ശേഷം വീട്ടുവിലാസത്തിൽ ഭാരതിയമ്മയെ അന്വേഷിച്ചെത്തി. ചെയ്യാത്ത കുറ്റത്തിന് പിറ്റേന്ന് കോടതിയിൽ ഹാജരാകേണ്ടി വന്നു ഭാരതിയമ്മയ്ക്ക്. നാലു വർഷത്തിനിടയ്ക്ക് മൂന്നും നാലും തവണ കോടതി കയറിയിറങ്ങിയെന്നും ഭാരതിയമ്മ പറയുന്നു. പ്രതിയുടെ പേര് ഭാരതിയമ്മ എന്നാണെന്നും ഒരേ വിലാസമാണെന്നുമാണ് പാലക്കാട് സൗത്ത് പൊലീസ് പറയുന്നത്. പരാതിക്കാരൻ നേരിട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ഇതല്ല പ്രതിയെന്ന് മൊഴി നൽകിയതോടെയാണ് ഭാരതിയമ്മ രക്ഷപ്പെട്ടത്. പരാതിയില്ലെന്നും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു. ഇതോടെ ഭാരതിയമ്മ കുറ്റവിമുക്തയാകുകയായിരുന്നു.
