Kerala News

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്താൻ സാധ്യത.

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്താൻ സാധ്യത. സെപ്റ്റംബർ 28 ശനിയാഴ്ച മറ്റ് വള്ളംകളികളില്ലെന്നതും ശനിയാഴ്ചയാണ് വള്ളംകളിക്ക് കൂടുതൽ സൗകര്യമെന്നതും അന്നേ ദിവസത്തിന് സാധ്യത കൂട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എൻടിബിആര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് യോഗം നടത്താനാണ് ആലോചന. ഇന്ന് രാവിലെ ഇത് സംബന്ധിച്ച് തീരുമാനമാകും.

ഭൂരിപക്ഷം ക്ലബ്ബുകൾക്കും സൗകര്യം ഈ മാസം 28 നാണെന്നതിനാലാണ് ഈ ദിവസത്തിന് സാധ്യത കൽപ്പിക്കുന്നത്. യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കും. എൻടിബിആര്‍ സൊസൈറ്റിയുടെ യോഗത്തിലാണ് തീയതി തീരുമാനിക്കുക. ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തേണ്ട ആവശ്യവും യോഗത്തിൽ ഉയരും.

റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നെഹ്റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനമായത്. റിപ്പോർട്ടറിലൂടെയാണ് നെഹ്റു ട്രോഫി വള്ളം കളിക്ക് ഒരുകോടി രൂപ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. നെഹ്റു ട്രോഫി വള്ളംകളിക്കൊപ്പമെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് റിപ്പോ‍ർട്ടറിലൂടെ വ്യക്തമാക്കുകയായിരുന്നു.

വള്ളംകളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും. വള്ളം കളി നടത്താൻ തീരുമാനിച്ചാൽ ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കും. നെഹ്റു ട്രോഫി വള്ളം കളി സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂർഫെസ്റ്റിന് സർക്കാർ പണം അനുവദിച്ചെന്ന റിപ്പോർട്ടർ വാർത്തക്ക് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം വന്നത്.

എല്ലാവർഷവും നെഹ്റു ട്രോഫി വള്ളംകളിക്ക് ടൂറിസം വകുപ്പ് ധനസഹായം നൽകാറുണ്ട്. ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയല്ല. ചൂരൽമല ദുരന്തത്തിന് മുമ്പ് തന്നെ ബേപ്പൂർ ഫെസ്റ്റ് തീരുമാനിച്ചിരുന്നു. ഈ വർഷം ഒരു ആഘോഷവും വേണ്ടെന്ന് സർക്കാർ തീരുമാനമില്ലെന്നും സെപ്തംബറിലെ ഓണാഘോഷം മാത്രമേ വേണ്ടെന്ന് വെച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Related Posts

Leave a Reply