Kerala News

ആലപ്പുഴ ചാരുംമൂട് വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണ കവര്‍ച്ച.

ആലപ്പുഴ ചാരുംമൂട് വഴി ചോദിച്ചെത്തി വയോധികയെ കാറില്‍ കയറ്റി ആഭരണ കവര്‍ച്ച. മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായി. അടൂര്‍ മങ്ങാട് സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന ശേഷം വഴിയില്‍ ഇറക്കി വിടുകയായിരുന്നു.

6 വയസ്സുള്ള ആറ്റുവ സ്വദേശിനിയാണ് അക്രമത്തിനിരയായത്. ഇവരുടെ നഷ്ടപ്പെട്ട നാലേകാല്‍ പവന്‍ സ്വര്‍ണം പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കഴുത്തില്‍ മുറിവേറ്റ നിലയില്‍ വഴിവക്കില്‍ കരഞ്ഞു കൊണ്ടിരുന്ന ഇവരെ തൊഴിലുറപ്പ് തൊഴിലാളികളാണ് വണ്ടിക്കൂലി നല്‍കി വീട്ടിലെത്തിച്ചത്.

മാവേലിക്കര- പന്തളം റോഡിലാണ് ഉച്ചയ്ക്ക് സംഭവം നടന്നത്. പന്തളത്തേക്ക് പോകാന്‍ ബസ് കാത്ത് നിന്ന വയോധികയുടെ അടുത്തേക്ക് പ്രതി കാറുമായെത്തി പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുത്ത വയോധികയെ പന്തളത്തേക്ക് എത്തിക്കാമെന്ന് പറഞ്ഞ സഞ്ജിത്ത് നിര്‍ബന്ധിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കുടുംബവിശേഷമൊക്കെ പറഞ്ഞ് അല്‍പദൂരം പോയ ശേഷം ലക്ഷ്യം നടപ്പാക്കി. കൈയില്‍ കരുതിയിരുന്ന പെപ്പര്‍ സ്‌പ്രേ വൃദ്ധയുടെ കണ്ണിലടിച്ചു.

നീറ്റല്‍ സഹിക്കാനാകാതെ കണ്ണുതുറക്കാനാകാത്ത സ്ത്രീയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണം ഊരിയെടുത്തു. മൂന്ന് പവന്‍ മാലയും ഒരു പവന്‍ തൂക്കം വരുന്ന വളയുമാണ് ഊരിയെടുത്തത്. കമ്മല്‍ ചോദിച്ചെങ്കിലും സ്വര്‍ണമല്ലെന്ന് പറഞ്ഞതിനാല്‍ എടുത്തില്ല. വീണ്ടും കുറച്ച് ദൂരം കാറില്‍ പോയ ശേഷം സത്രീയെ വഴിയില്‍ ഇറക്കി വിട്ടു.റോഡില്‍ കരഞ്ഞുകൊണ്ടു നിന്ന അവരെ അതുവഴി വന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പണം നല്‍കി ബസില്‍ കയറ്റി വീട്ടിലെത്തിച്ചത്. തുടര്‍ന്ന് നൂറനാട് പൊലീസില്‍ പരാതി നല്‍കി. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായി. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയ സഞ്ജിത്ത് കട ബാധ്യത തീര്‍ക്കാനാണ് മോഷണം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Related Posts

Leave a Reply