മാന്നാർ : ആലപ്പുഴയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ പ്ലാന്തറ വീട്ടിൽ ഷിബു സൈമൺ (53) നെ യാണ് മാന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്ലാന്തറ വീട്ടിൽ കുഞ്ഞമ്മ സൈമൺ (78) നാണ് മകന്റെ മർദ്ദനത്തിൽ പരിക്കേറ്റത്. മദ്യപിച്ച് വീട്ടിലെത്തിയ സൈമൺ മാതാവ് മൂത്ത മകന്റെ വീട്ടിലേക്ക് പോകാത്തതിൽ പ്രകോപിതനായാണ് ആക്രമണം.അമ്മയും മകനും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും തുടർന്ന് സ്റ്റീൽ പാത്രം ഉപയോഗിച്ച് തലക്കും മുഖത്തും ക്രൂരമായി അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായ പരിക്ക് പറ്റിയ കുഞ്ഞമ്മ സൈമൺ മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാർ അറിയിച്ചത് അനുസരിച്ച് മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ ബിജുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.