ആലപ്പുഴ: ചേര്‍ത്തലയില്‍ നടുറോഡില്‍ യുവതിയെ തീക്കൊളുത്തിയ കേസിൽ പ്രതിയായ ഭർത്താവും മരിച്ചു. ശ്യാംജിത്ത് ആണ് മരിച്ചത്. ശ്യാംജിത്ത് ഭാര്യ ആരതിയെ സ്കൂട്ടർ തടഞ്ഞ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ശ്യാംജിത്തും പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
90 ശതമാനം പൊള്ളലേറ്റ ആരതി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. സ്വകാര്യ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയാണ് ആരതി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ശ്യാം മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയിരുന്നു. മക്കളെ കാണാൻ ആരതി അനുവദിച്ചില്ലെന്നും വീട്ടിൽ അതിക്രമിച്ച് തനിക്കെതിരെ കള്ളക്കേസ് കൊടുത്തുവെന്നും ഇതെല്ലാം പകയുണ്ടാകാൻ കാരണമായെന്നും ശ്യാം പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ശ്യാമിനെതിരെ ആരതി പരാതി നൽകിയിരുന്നു. പരാതിയിൽ അറസ്റ്റിലായ ശ്യാം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം.
