ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി. മന്ത്രി സജി ചെറിയാന്റെ ഇടപെടലിലാണ് നടപടി. കുട്ടിയുടെ മാതാവ് അമ്പലപ്പുഴ താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് മന്ത്രി നടപടിയെടുത്തത്. മെഡിക്കല്‍ കോളേജിലെ ചികിത്സയാണാവശ്യമെന്നും ഇത് നടപ്പിലാക്കുന്നതിന് ഡിഎംഒയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
നേരത്തെ കുഞ്ഞിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവിധ പരിശോധനകള്‍ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജ് പണം ഈടാക്കിയതായി കുടുംബം ആരോപിക്കുകയായിരുന്നു. 250 രൂപ വീതം രണ്ടു തവണയാണ് ചികിത്സക്കായി പണം ഈടാക്കിയെന്നാണ് കുടുംബം വ്യക്തമാക്കിയത്. ടാക്സി ഡ്രൈവറായ കുഞ്ഞിന്റെ പിതാവ് അനീഷ് മുഹമ്മദിന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ചികിത്സക്കായി പണം ഈടാക്കിയത് ഏറെ ബുദ്ധിമുട്ടായിരുന്നു.
നവംബര്‍ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ സുറുമി പ്രസവിക്കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ വനിതാ ശിശു ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റുകളായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കെതിരെയും സ്വകാര്യ രാവിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെയും കേസെടുത്തിരുന്നു.