Kerala News

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ താരങ്ങൾ

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഇക്കുറിയും പതിവ് തെറ്റിക്കാതെ സിനിമാ സീരിയൽ താരങ്ങളെത്തിയിട്ടുണ്ട്. ചിപ്പി, ആനി, ജലജ, അമൃത നായർ, തുടങ്ങിയ താരങ്ങളെല്ലാം ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി പൊങ്കാല അർപ്പിക്കാൻ തലസ്ഥാന നഗരിയിലുണ്ട്.

ഒരുപാട് വർഷമായി ആറ്റുകാലിൽ പൊങ്കാല ഇടുന്നുണ്ടെന്ന് ചിപ്പി പറയുന്നു. ചെറുപ്പകാലം തൊട്ട് പൊങ്കാല ഇടുന്നുണ്ട്. എല്ലാ വർഷവും വരുന്നത് കൊണ്ട് ഒരുപാട് ട്രോളുകളും സോഷ്യൽ മീഡിയയിൽ കാണാറുണ്ടെന്ന് ചിപ്പി പറയുന്നു. തടസ്സങ്ങളൊക്കെ മാറി എല്ലാം നന്നായി വരണം എന്നൊക്കെയുള്ള കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളാണ് പൊങ്കാലയിടുമ്പോഴുള്ള പ്രാർഥനയിലുള്ളത്. ഓരോ വർഷവും വരുമ്പോഴും ആദ്യമായി ഇടുന്നപോലെയാണ് തോന്നാറുള്ളതെന്നും ചിപ്പി ട്വന്റിഫോറിനോട് പറഞ്ഞു.

ആനി സ്വന്തം വീട്ടിലാണ് ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കുന്നത്. വർഷങ്ങൾ എത്ര കഴിഞ്ഞാലും അമ്മയോടുള്ള ഭക്തി കൂടി വരുന്നതേ ഉള്ളൂ. ഇത്തവണയും ഏട്ടന്റെ അമ്മ പറഞ്ഞു തന്ന രുചിക്കൂട്ടാണ്‌ പൊങ്കാലക്ക് ഒരുക്കുന്നത്. ചിപ്പി ചെറുപ്പം മുതൽ പൊങ്കാലയിടാറുണ്ട്, എന്നെക്കാൾ കൈപ്പഴക്കം ചിപ്പിക്ക് തന്നെയാണ്. എത്രാമത്തെ പൊങ്കാലയാണ് എന്ന് പറയാൻ ആകില്ല. ദേവി ഇനിയും അനുഗ്രഹിക്കട്ടെ കൂടുതൽ പൊങ്കാല ഇടാൻ വേണ്ടിയെന്ന് ആനി പ്രതികരിച്ചു.

എല്ലാ കൊല്ലവും പൊങ്കാല അർപ്പിക്കാറുണ്ടെന്നും ഇത്രയും സ്ത്രീകളെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നുമാണ് നടി ജലജ പ്രതികരിച്ചത്.

അതേസമയം പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നതോടെ ഒരുവർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ശ്രികോവിലിൽ നിന്നും കൊളുത്തിയ ദീപത്തിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതിന് പിന്നാലെ ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാലയിടുകയാണ് വിശ്വാസികൾ. ഇനി പൊങ്കാലക്കലങ്ങൾ തിളച്ച് മറിയാനുളള കാത്തിരിപ്പാണ്. ഉച്ചയ്ക്ക് 2. 30 തിനാണ് നിവേദ്യം. പൊങ്കാല ദിനം വിശ്വാസികളുടെ തിരക്കിലാണ് തിരുവനന്തപുരം നഗരം.

Related Posts

Leave a Reply