തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. ദന്തൽ സർജൻ ഡോക്ടർ അരുൺ ശ്രീനിവാസിന്‍റെ കുന്നിലെ വീടാണ് ബുധനാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയത്.50 പവനും നാലര ലക്ഷം രൂപയും ആണ് മോഷണം പോയിരിക്കുന്നത്.
ഡോക്ടറും കുടുംബാംഗങ്ങളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട് കുത്തിത്തുറന്ന് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഡോക്ടറും വീട്ടുകാരും ഒരു ബന്ധുവീട്ടില്‍ പോയ സമയമായിരുന്നു ഇത്. ബന്ധുവിൻ്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ അരുൺ രാത്രി തിരികെ വീട്ടിൽ എത്തിയപ്പോൾ ആണ് മോഷണ വിവരം അറിയുന്നത്.
വീടിൻ്റെ മുൻ വശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ ആയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വീടിന് അകത്തെ വാതിലുകളും കിടപ്പുമുറിയിൽ ഉണ്ടായിരുന്ന ലോക്കറും തകർത്തതായി കണ്ടെത്തിയത്.
സ്വർണ്ണവും പണവും ലോക്കറിൽ ആണ് സൂക്ഷിച്ചിരുന്നത്. ബാങ്ക് ലോണിന് അടയ്ക്കാൻ വച്ചിരുന്ന പണമാണ് പോയത്. ഉടൻ തന്നെ അരുൺ പൊലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
.