പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ഇന്ന് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്ത ഗോപനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. 351 പറ അരിയുടെ സദ്യ ക്ഷേത്ര മതിലിനകത്താണ് വിളമ്പുക. 50 പറ അരിയുടെ സദ്യ പുറത്തെ ഓഡിറ്റോറിയങ്ങളിലും വിളമ്പും.
ഒരേസമയം ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന സദ്യ എന്ന നിലയിൽ വിവിധ റെക്കോർഡുകളിലും അഷ്ടമി രോഹിണി വള്ള സദ്യ ഇടം പിടിച്ചിട്ടുണ്ട്. പാർത്ഥ സാരഥിയുടെ പിറന്നാൾ ദിനം ക്ഷേത്രത്തിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും സദ്യ വിളമ്പും. നൂറോളം പാചകക്കാരും 200ൽ പരം വിളമ്പുകാരും ഉൾപ്പെടെ 300ലധികം ആളുകൾ മൂന്നു ദിവസം കൊണ്ടാണ് സദ്യ തയ്യാറാക്കുന്നത്.
ഭഗവാനെ സങ്കൽപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ നാക്കിലയിലേക്ക് വള്ള സദ്യയുടെ വിഭവങ്ങൾ വിളമ്പുന്നതോടെ അഷ്ടമി രോഹിണി വള്ളസദ്യയ്ക്ക് തുടക്കമാകും. 51 പള്ളിയോടങ്ങളും അഷ്ടമി രോഹിണി വള്ള സദ്യയിൽ പങ്കെടുക്കും.
