Kerala News

ആര്‍എസ്എസ് – എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണം 2024ലെ ഏറ്റവും വലിയ തമാശയെന്ന് പിവി അന്‍വര്‍

ആര്‍എസ്എസ് – എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണം 2024ലെ ഏറ്റവും വലിയ തമാശയെന്ന് പിവി അന്‍വര്‍ എം എല്‍ എ. എഡിജിപിയെ പിരിച്ചു വിടണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു. ഹെഡ്മാഷിനെതിരെയുള്ള പരാതി പ്യൂണ്‍ അന്വേഷിച്ച് , ഹെഡ്മാഷിന് തന്നെ റിപ്പോര്‍ട്ട് നല്‍കുന്നത് പോലെയാണ് പൂരം കലക്കിയ വിഷയത്തിലെ അന്വേഷണമെന്നും പിവി അന്‍വര്‍ പറഞ്ഞു.

ഒരുവട്ടം അല്ല 10000 വട്ടം ആര്‍എസ്എസുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇത് ആര്‍ക്കാണ് മനസ്സിലാകാത്തത്. സൂര്യന്‍ കത്തി നില്‍ക്കുന്നതുപോലെ അത് വ്യക്തമാണ്. പിന്നെ എന്തിനാണ് അന്വേഷണം? മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമയമെടുക്കുമായിരിക്കും – അന്‍വര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പരസ്യ പ്രസ്താവനയ്ക്കില്ല എന്നൊരു തീരുമാനം അന്‍വര്‍ അറിയിച്ചിരുന്നു. ഈ തീരുമാനം തിരുത്തിക്കൊണ്ടാണ് ഇന്ന് വീണ്ടും പരസ്യ പ്രസ്താവനയുമായി അന്‍വര്‍ രംഗത്തെത്തിയിരിക്കുന്നത്.

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഡിജിപിയോട് അന്വേഷിക്കാനാണ് നിര്‍ദേശം . ആര്‍എസ്എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് നല്‍കി. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമാണ് നോട്ടീസ് നല്‍കിയത്. എഡിജിപിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ദത്താത്രേയ ഹൊസബളെ – എ ഡി ജി പി കുടിക്കാഴ്ചയിലെ സാക്ഷിയെന്ന നിലയിലാണ് ആര്‍എസ്എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. പോലീസ് തലപ്പത്തെ രണ്ടാമന്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

Related Posts

Leave a Reply