അഞ്ച് വർഷവും മൂന്ന് മാസവും നീണ്ട സംഭവ ബഹുലമായ കാലഘട്ടത്തിന് ശേഷം
ആരിഫ് മുഹമ്മദ് ഖാൻ കേരള വിടുമ്പോൾ ഗവർണർ സർക്കാർ പോരിന് അയവുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളത്തിന്റെ ആകാംക്ഷ. എന്നാൽ ആരിഫ് മുഹമ്മദ് ഖാന് പകരം വരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആർ.എസ്.എസ് വഴി ബി.ജെ.പിയിലെത്തിയ തികഞ്ഞ രാഷ്ട്രീയക്കാരനാണ്.
നിയമസഭയിലെ പ്രതിപക്ഷത്തിന് പുറമേ രാജ് ഭവനിൽ അതിനേക്കാൾ വീര്യം കൂടിയ ഒരു പ്രതിപക്ഷം.അങ്ങനെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാനത്തെ ഭരണമുന്നണി കണ്ടുപോന്നത്. ഗവർണറെ മാറ്റിയെന്ന വാർത്തകേട്ടപ്പോൾ രണ്ടു വശത്തായി പോരടിച്ച് നിന്ന സംഭവബഹുലമായ ആ കാലത്തിന് അറുതി വരുമോ എന്നാണ് ഭരണ നേതൃത്വത്തിൻെറ മനസിലേക്ക് ഓടിയെത്തിയ ആദ്യ ചിന്ത. എന്നാൽ ആരിഫ് മുഹമ്മദ് ഖാനേക്കാൾ സംഘപരിവാർ രാഷ്ട്രീയം മുറുകെ പിടിക്കുന്ന തനി രാഷ്ട്രീയക്കാരനാണ് ഇനി ഗവർണറായി വരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
രണ്ട് കൊല്ലത്തിൽ താഴെ ബി.ജെ.പിയിൽ പ്രവർത്തിച്ച ബന്ധം മാത്രമേ ആരിഫ് ഖാന് ഉണ്ടായിരുന്നുളളു. ചെറുപ്പത്തിലെ ആർ.എസ്.എസ് ശിക്ഷണം കിട്ടി വളർന്ന ഗോവക്കാരാനായ ആർലേക്കറിന് അയൽ സംസ്ഥാനമായ കേരളത്തിൻെറ രാഷ്ട്രീയം അത്ര അപരിചിതമായിരിക്കില്ല. അതുകൊണ്ടുതന്നെ രാജ് ഭവനുമായുളള ബന്ധം ഊഷ്മളമാകുമെന്ന വലിയ പ്രതീക്ഷ ഒന്നും ഭരണ നേതൃത്വം വെച്ചുപുലർത്തുന്നില്ല. എങ്കിലും കടുകിട വിട്ടുവീഴ്ചചെയ്യാത്ത പ്രകൃതമുളള ആരിഫ് മുഹമ്മദ് ഖാൻെറ അത്ര
പോരാട്ട വീര്യം കാണില്ലെന്ന പ്രതീക്ഷയിലാണ് ഭരണമുന്നണി.ആർലേക്കർ ഗവർണറായിരുന്ന ഹിമാചലിലും ബിഹാറിലും പോരാട്ടം വേണ്ടി വന്നിട്ടില്ല.