സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ജയിൽ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ.
2021 ജൂൺ 21നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻനായരുടെയും സരിതയുടെയും മകൾ വിസ്മയയെ അമ്പലത്തുംഭാഗത്തെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽകാണപ്പെട്ടത്. മരണത്തിൽ ദുരൂഹത ഉയരുകയും പീഡനത്തിത്തിന്റെ നിരവധി തെളിവുകൾ പുറത്തുവരികയും ചെയ്തു. ഇതോടെ ഭർത്താവ് കിരൺ ഒളിവിൽ പോയെങ്കിലും രാത്രിയോടെ പൊലീസിൽ കീഴടങ്ങയായിരുന്നു.