Kerala News

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മുങ്ങി മരിച്ചതിൽ പഴിചാരലും രാഷ്ട്രീയ വാക്പോരും തുടരുന്നു.


തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മുങ്ങി മരിച്ചതിൽ പഴിചാരലും രാഷ്ട്രീയ വാക്പോരും തുടരുന്നു. റെയിൽവേക്കെതിരെ സർക്കാരും സർക്കാരിനെതിരെ പ്രതിപക്ഷവും ആരോപണങ്ങളുയർത്തുകയാണ്. മാലിന്യനീക്കത്തിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. മരിച്ച ജോയിയുടെ കുടുംബത്തിനുള്ള ധനസഹായം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

തെളിവുകളും രേഖകളും പലതു പുറത്തുവന്നിട്ടും ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ പ്ലാറ്റ്ഫോമിനടിയിലെ 117 മീറ്ററിൽ ഒരാൾ പൊക്കത്തിലുള്ള മാലിന്യത്തിന്റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്ന് തീർത്തു പറയുകയാണ് റെയിൽവേ. ഈ 117 മീറ്ററിന് ഇടയിൽ എവിടെയോ വച്ചാണ് ജോയിക്ക് ജീവൻ നഷ്ടപ്പെട്ടത്. ജോയിയെ കാണാതായതിന്റെ ആദ്യ മണിക്കൂറുകൾ മുതൽ റെയിൽവേ നിസ്സഹകരണം കാട്ടിയെന്നാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം.

മാലിന്യനീക്കം സംബന്ധിച്ച് ഈ വർഷം തന്നെ ഒന്നിലേറെ തവണ യോഗം വിളിച്ചിട്ടും റെയിൽവേ സഹകരിച്ചില്ലെന്നും രേഖകളുണ്ട്. കരാർ തൊഴിലാളി ആയതിനാൽ കുടുംബത്തിന് സഹായം നൽക ണമെന്നാവശ്യം നിയമം നോക്കിയിട്ട് നിറവേറ്റാമെന്നും റെയിൽവേയുടെ നിലപാട്. റെയിൽവേയുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഇന്ന് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. സിപിഐഎം ജില്ലാ കമ്മിറ്റി നാളെ തിരുവനന്തപുരം ഡിആർ എം ഓഫീസിലെത്തിയും പ്രതിഷേധിക്കും.

അതേസമയം മാലിന്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം റെയിൽവേയുടെ ചുമതലയെന്ന് വാദിക്കുകയാണ് സർക്കാർ. തിരുവനന്തപുരം നഗരത്തിന്റെ പല കൈത്തോടുകളും മാലിന്യവാഹിനിയാകുന്നതിനെപ്പറ്റി സർക്കാർ മിണ്ടുന്നേയില്ല. മുഖ്യമന്ത്രിയുടെ യോഗത്തിൽ പോലും ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കത്തെപ്പറ്റിയാകും ചർച്ച. ജോയിയുടെ മരണത്തിൽ ഉത്തരവാദി കോർപ്പറേഷനാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നഗരസഭയിലേക്ക് മാർച്ച് നടത്തും.

Related Posts

Leave a Reply