തിരുവനന്തപുരം: ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍. തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.
ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പൂരം എഴുന്നള്ളിപ്പുകള്‍ നടത്താന്‍ കഴിയില്ല. ഈ സാഹചര്യം വ്യക്തമാക്കിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് തുടരാനാവില്ല. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
എഴുന്നള്ളിപ്പിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകല പരിധി നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ജില്ലാ കളക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.