India News

ആന്ധ്രയിൽ 3.62 കോടിയുടെ മുട്ട പഫ്സ് കുംഭകോണം?

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ ഭരണകാലയളവിൽ തന്റെ സന്ദർശകർക്ക് മുട്ട പഫ്സ് വാങ്ങുന്നതിനായി ചെലവഴിച്ചത് കോടികളെന്ന് റിപ്പോർട്ട്. ഭരിച്ച അഞ്ച് വർഷകാലയളവിനുള്ളിൽ (2019 – 2024) ജഗൻ മോഹൻ റെഡ്ഡിയുടെ ഗുണ്ടൂർ ജില്ലയിലെ മംഗളഗിരിക്കടുത്തുള്ള തഡെപള്ളിയിലെ എസ്റ്റേറ്റിലെത്തുന്ന സന്ദർശകർക്ക് മുട്ട പഫ്സ് വാങ്ങാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ചെലവഴിച്ചത് 3.62 കോടി രൂപയാണെന്നാണ് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ആരോപണം. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ധനകാര്യ വകുപ്പ് ഇതിനോടകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.

ഒരെണ്ണത്തിന് 20 രൂപ നിരക്കിൽ 18 ലക്ഷം പഫ്‌സുകളുടെ ബില്ലുകളാണ് ധനവകുപ്പിന് നൽകിയിരിക്കുന്നത്. ഈ ഒരൊറ്റ ഇനത്തിന് മാത്രം പ്രതിവർഷം 72 ലക്ഷം രൂപയോ പ്രതിമാസം 6 ലക്ഷം രൂപയോ പ്രതിദിനം 20,000 രൂപയോ ആയി ചെലവ് വന്നിരുന്നു. പ്രതിദിനം ശരാശരി 993 പഫ്സ് എങ്കിലും റെഡ്‌ഡി തന്റെ സന്ദർശകർക്കായി വാങ്ങിയിരുന്നുവെന്നാണ് ഈ ബില്ലുകൾ തെളിയിക്കുന്നത്. ചായ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്ക് പുറമെയുള്ള ചെലവുകളാണ് ഇവ. ജ​ഗന്റെ ഭരണകാലയളവിൽ പൊതുപണം വ്യാപകമായി ദുരുപയോ​ഗം ചെയ്യപ്പെട്ടിരുന്നതായും ആരോപണങ്ങൾ ഉയരുന്നുണ്ട്.

ലഘുഭക്ഷണത്തിനായി ചെലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജ​ഗൻ മോഹൻ റെഡ്ഡിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപണം വ്യാജമാണെന്നും വൈഎസ്ആർ കോൺ​ഗ്രസ് പ്രതികരിച്ചു. ആരോപണം തെളിയിക്കാനും പാർട്ടി വെല്ലുവിളിച്ചു.‘എഗ് പഫ് അഴിമതി’ അന്വേഷിക്കണമെന്നും വൈഎസ്ആർ കോൺഗ്രസിൽ നിന്ന് പണം തിരിച്ചുപിടിക്കണമെന്നും ടിഡിപി നേതാക്കൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, പാർട്ടിയെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നായിരുന്നു വൈഎസ്ആർ കോൺഗ്രസിന്റെ പ്രതികരണം. എതിരാളികളുടെ പ്രചാരണത്തെ വാർത്തകളാക്കി മാറ്റാനുള്ള ശ്രമമാണ് ഇത്തരത്തിലുള്ള വാർത്തകളെന്നും തൻ്റെ പാർട്ടിക്കെതിരായ ആരോപണം ടിഡിപി തെളിയിക്കണമെന്നും മുൻ വൈഎസ്ആർ കോൺഗ്രസ് മന്ത്രിയായ പെർനി നാനി ആവശ്യപ്പെട്ടു. മാധ്യമങ്ങളിൽ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ഉയർന്ന വിമർശനങ്ങൾ വ്യാജ തന്ത്രമാണെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു.

എന്നാൽ ജഗൻ്റെ എസ്റ്റേറ്റിൽ എലിയെ പിടിക്കാൻ വേണ്ടി വന്ന 1.35 കോടിയുടെ ബില്ലിന്റെ പശ്ചാത്തലത്തിലാണ് മുട്ട പഫ്സ് ​വിഷയം ശ്രദ്ധിക്കപ്പെടുന്നത്. അതിനുപുറമെ ആന്ധ്രാപ്രദേശ് ടൗൺഷിപ്പ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ കഴിഞ്ഞ വർഷം ഗുഡിവാഡലിൽ നിർമിച്ച ഹൗസിങ് കോളനിയുടെ ഉദ്ഘാടനത്തിന് എത്തിയ ജനക്കൂട്ടത്തിന് നാരങ്ങാവെള്ളം വിതരണം ചെയ്യാൻ 32 ലക്ഷം രൂപയും റെഡ്ഡി സർക്കാർ ചെലവഴിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Related Posts

Leave a Reply