Kerala News

‘ആദ്യം കൊന്നത് 500 താറാവുകളെ, പിന്നാലെ 30 കോഴികളെ’; തെരുവുനായ ആക്രമണത്തില്‍ ദുരിതത്തിലായി കര്‍ഷകന്‍

എരമല്ലൂര്‍: തെരുവു നായ അക്രമണത്തില്‍ താറാവ്, കോഴി വളര്‍ത്തല്‍ കര്‍ഷകന്‍ വീണ്ടും ദുരിതത്തിലായി. അരൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ചന്തിരൂര്‍ കളപുരക്കല്‍ കെ കെ പുരുഷോത്തമനാണ് തുടര്‍ച്ചയായ തെരുവു നായ ആക്രമണത്തില്‍ കഷ്ടത്തിലായത്. കഴിഞ്ഞ 29ന് രാത്രിയില്‍ കൂട്ടമായെത്തിയ തെരുവ് നായ്ക്കള്‍ കൂടു പൊളിച്ച് 500ഓളം താറാവുകളെ കടിച്ചു കൊന്നിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു പുരുഷോത്തമന്‍. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും ആക്രമണമുണ്ടായത്. മുപ്പതോളം കോഴികളെയാണ് ഇത്തവണ നായകള്‍ കൊന്നത്. ഇതോടെ ജീവിതം കൂടുതല്‍ ദുസഹമായിയെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

അയല്‍വാസിയുടെ വീട്ടില്‍ തമ്പടിക്കുന്ന പത്തോളം നായകളാണ് താറാവുകളെ കടിച്ചുകൊന്നതെന്ന് പുരുഷോത്തമന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഓട്ടോ ഡ്രൈവറായ അയല്‍വാസി രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ ഹോട്ടല്‍ അവശിഷ്ടങ്ങള്‍ കൊണ്ടുവന്ന് നായകള്‍ക്ക് കൊടുക്കാറുണ്ട്. അങ്ങനെ പട്ടികള്‍ അവിടെ തമ്പടിക്കാന്‍ തുടങ്ങി. ഭക്ഷണം കിട്ടാതെ വന്നപ്പോഴാണ് താറാവുകളെ ആക്രമിക്കാന്‍ തുടങ്ങിയതെന്നാണ് പുരുഷോത്തമന്‍ പറയുന്നത്.എരമല്ലൂര്‍ തഴുപ്പ് പ്രദേശത്ത് വീടിന് സമീപമുള്ള 43 സെന്റ് ഭൂമിയിലാണ് താറാവ് വളര്‍ത്തല്‍ നടത്തുന്നത്. താറാവുകളെ കൊന്നതില്‍ മാത്രം രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

തഴുപ്പ് ചക്കച്ചേരി തറമേല്‍ പ്രദേശത്ത് തെരുവു നായ്ക്കള്‍ പെരുകിയിട്ടും സ്‌കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പടെ ഭീഷണിയായിട്ടും പഞ്ചായത്ത് അധികൃതര്‍ അത് തടയാന്‍ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇടപ്പറമ്പു ജയരാജിന്റെ നൂറില്‍പ്പരം താറാവുകളെ കൊന്നു കൊണ്ടായിരുന്നു പ്രദേശത്തെ തെരുവുനായ് ആക്രമണത്തിന്റെ തുടക്കം. തുടര്‍ന്ന് നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ അറിഞ്ഞഭാവം നടിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Related Posts

Leave a Reply