മെക്‌സിക്കോ: ആത്മീയ ചികിത്സയുടെ ഭാഗമായി തവള വിഷം കഴിച്ച മെക്‌സിക്കന്‍ നടിക്ക് ദാരുണാന്ത്യം. മെക്‌സിക്കന്‍ ഷോര്‍ട്ട് ഫിലിം നടി മാര്‍സെല അല്‍കാസര്‍ റോഡ്രിഗസ് ആണ് മരിച്ചത്. ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്ത് ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആത്മീയ ചികിത്സ നടത്തുന്നത്. ആമസോണിയന്‍ ഭീമന്‍ തവളയുടെ വിഷം ചികിത്സയുടെ ഭാഗമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചികിത്സയുടെ ഭാഗമായി ഒരു ലിറ്ററില്‍ കൂടുതല്‍ വെള്ളം മാര്‍സെലയെ കുടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷം ചര്‍മത്തില്‍ ചെറിയ പൊള്ളലുകള്‍ ഉണ്ടാക്കി. പിന്നാലെ പൊള്ളലേറ്റ മുറിവുകള്‍ തവളയുടെ വിഷം അടങ്ങിയ സ്രവംകൊണ്ട് മൂടി. ഇത് രക്തസമ്മര്‍ദം വര്‍ദ്ധിപ്പിക്കുകയും ശാരീരിക അവശതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഛര്‍ദിക്കുന്നതോടെ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നു എന്നാണ് വിശ്വസിക്കുന്നത്. ചികിത്സയ്ക്ക് പിന്നാലെ മാര്‍സെലയ്ക്ക് കടുത്ത ഛര്‍ദിയും വയറ്റിളക്കവും അനുഭവപ്പെട്ടിരുന്നു. ചികിത്സയുടെ പ്രതികരണം ശരീരം കാണിച്ചു തുടങ്ങുന്നതാണെന്ന് പറഞ്ഞ് ഇവര്‍ ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചു. ആരോഗ്യനില വഷളായതോടെ സുഹൃത്ത് നിര്‍ബന്ധിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.