Kerala News

ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍

ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍. തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. ആദ്യം വന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരമൊരു വാര്‍ത്ത ലളിതമായി വരുമോ എന്ന് ഇ പി ചോദിക്കുന്നു.ഒരു അടിസ്ഥാനവുമില്ലാത്ത ഒരു വാര്‍ത്ത എല്ലാ മാധ്യമങ്ങളിലും പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വരി പോലും പ്രസിദ്ധീകരണത്തിനായി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് അകത്തും പുറത്തും തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം. വ്യക്തമായ സൂചന കിട്ടിയാല്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരെന്ന് പുറത്തു പറയാം – ഇ പി ജയരാജന്‍ വ്യക്തമാക്കി.

ജാവഡേത്കറുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതും ഇത്തരത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്കെതിരായ ഫലമുണ്ടാക്കി, അതുവഴി എന്നെ പാര്‍ട്ടിക്കകത്തും പുറത്തും പൊതു സമൂഹത്തിലും ആക്രമിക്കുക എന്നത് ആസൂത്രതമായ പദ്ധതിയാണ് അന്ന് നടപ്പാക്കിയത്. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോഴുണ്ടായത് – ഇ പി വിശദമാക്കി.

പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതിക്കായി ഡി സി ബുക്‌സ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പുസ്തകം പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയായാല്‍ എന്തുവേണം എന്ന് ആലോചിക്കാം എന്ന് പറയുകയും ചെയ്തു. മാതൃഭൂമിയും ഇതുമായി ബന്ധപ്പെട്ട് സമീപിച്ചു. ഇതേ മറുപടി അവരോടും പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്ത് തെരഞ്ഞെടുപ്പ് ദിവസം വിവാദമുണ്ടാക്കിയത്. ആസൂത്രിതമായ പദ്ധതിയാണിത് – അദ്ദേഹം ആരോപിച്ചു.

തനിക്ക് നേരെ നടക്കുന്ന ആക്രമണം പാര്‍ട്ടിയെ തകര്‍ക്കാനുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ ഒരു കോപ്പിയും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിശ്വസ്തനായ ഒരാള്‍ക്ക് പുസ്തകം എഡിറ്റ് ചെയ്യാന്‍ കൊടുത്തിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം പറഞ്ഞു. ഡിസി ബുക്‌സിനെ ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടപ്പോള്‍ ഒന്നും അറിയില്ലെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. അന്വേഷിക്കാം എന്ന് പറഞ്ഞ് പിന്നെ വിളിച്ചിട്ടില്ല.

ആത്മകഥയുമായി ബന്ധപ്പെട്ട് കരാര്‍ ഇല്ലെന്ന വാര്‍ത്തകള്‍ തള്ളി ഡിസി ബുക്‌സ് ഇന്നലെ രംഗത്തെത്തിയിരുന്നു. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. വാര്‍ത്തകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണ്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡി സി വ്യക്തമാക്കി. ജയരാജന്റെ പുസ്തക വിവാദത്തില്‍ മൊഴി നല്‍കിയ ശേഷമാണ് ഡിസിയുടെ വിശദീകരണം. അതേസമയം പുസ്തക വിവാദത്തില്‍ ഇ.പി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തിരുന്നത്.

Related Posts

Leave a Reply