പാലക്കാട്: ആക്രി നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ ആർഎസ്എസ് മുൻ ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ. പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശി കെ.സി. കണ്ണൻ, ഭാര്യ ജീജാ ഭായി എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി മധുസൂദന റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ഷുഗര്‍ കമ്പനിയിലെ ആക്രിവസ്തുക്കൾ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി മൂന്നര കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ആര്‍എസ്എസ് നേതാവിനേയും ഭാര്യയേയും അറസ്റ്റ് ചെയതത്. 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പഞ്ചസാര കമ്പനിയിലെ ആക്രിവസ്തുക്കൾ നല്‍കാമെന്നായിരുന്നു വാഗ്ദാനം.
എന്നാല്‍, ഒരു വർഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ആക്രി വസ്തുക്കൾ നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല. തുടര്‍ന്നാണ് മദുസൂദനന്‍ റെഡ്ഡി പട്ടാമ്പി പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇവരെ റിമാന്‍ഡ് ചെയ്തു.
