Kerala News

അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യം എത്തും.

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യം എത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇക്കാര്യം എം.കെ രാഘവൻ എം.പിയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കണമെന്ന് അര്‍ജുന്റെ കുടുംബം കർണാടക സർക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സൈന്യത്തിലാണ് ഇനി വിശ്വാസമെന്ന് അർജുന്റെ സഹോദരി പ്രതികരിച്ചു.
അതേസമയം മോശം കാലാവസ്ഥയെ തുടർന്ന് അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. അ‍ർജുനെ കണാതായിട്ട് അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാർ ഉപയോ​ഗിച്ചുളള പരിശോധനയാണ് നടന്നത്. അത്യാധുനിക റഡാർ പരിശോധന മണിക്കൂറുകൾ പിന്നിട്ടിട്ടും അർജുനെ കണ്ടെത്താനായിട്ടില്ല. സൂറത്കൽ എൻ ഐ ടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തിയത്. നേരത്തെ റഡാറിൽ 3 സി​ഗ്നലുകൾ ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്ക് വ്യക്തതയില്ലായെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാൽ ​സി​ഗ്നൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സംഭവ സ്ഥലമായ ഷിരൂർ സന്ദർശിച്ചിരുന്നു. രക്ഷാപ്രവർത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് കുമാരസ്വാമി പ്രതികരിച്ചു. സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എൻ ഡി ആർ എഫ് സംഘം അവരുടെ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

Related Posts

Leave a Reply