Kerala News

അവയവക്കടത്തിന്റെ മറവിൽ ലൈംഗിക പീഡനവും നടന്നുവെന്നാണ് പരാതി.

അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അവയവക്കടത്തിന്റെ മറവിൽ ലൈംഗിക പീഡനവും നടന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.വൃക്ക കച്ചവടം നടത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്. പണം നൽകാമെന്ന് പറഞ്ഞ് വിളിപ്പിച്ചായിരുന്നു പീഡിപ്പിച്ചത്. ഇടനിലക്കാരനെതിരെ യുവതി ഫേസ്ബുക്കിലിട്ട പരാതിയും നിർബന്ധപൂർവ്വം പിൻവലിപ്പിക്കപ്പെട്ടു. ഇതിനിടെ പ്രധാനപ്രതി സബിത്ത് അറസ്റ്റിലായതിന് പിന്നാലെ അവയവ കച്ചവടത്തിന് എത്തിയ തമിഴ്നാട് സ്വദേശികളെ തിരിച്ചയച്ചു. പ്രത്യേക സംഘത്തിൻറെ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്.

ഇതിനിടെ അവയവക്കടത്ത് കേസിൽ ഒരാൾകൂടി അറസ്റ്റിലായി. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. സംഘത്തിന്റെ സാമ്പത്തിക ഇടാപാടുകൾ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ ഇറാനിലെ മലയാളിയായ മധു എന്നയാളെക്കുറിച്ച് സാബിത്ത് പറഞ്ഞിരുന്നു. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് സജിത്തിനെ പിടികൂടിയിരിക്കുന്നത്. സാബിത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതോടെയാണ് സജിത്തിലേക്ക് പോലീസ് എത്തിയത്. വരും ദിവസങ്ങൾ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

സാബിത്തിന്റെ അറസ്റ്റോടെയാണ് അവയവക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് അവയവക്കടത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ഇറാനിലേക്ക് കൊണ്ടുപോകും. ഇവിടെ ആദ്യം ഫ്‌ളാറ്റില്‍ താമസിപ്പിക്കും. ശസ്ത്രക്രിയക്കുള്ള തീയതി തീരുമാനിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റും. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം പിന്നീട് ഫ്‌ളാറ്റില്‍ 20 ദിവസം കൂടി താമസിപ്പിച്ച ശേഷമാണ് ഇരകളെ വിട്ടയക്കുക.

സംഭവം അന്വേഷിക്കാൻ ആലുവ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ നേരത്തേ പത്തംഗസംഘത്തെ രൂപവത്കരിച്ചിരുന്നു. കേസില്‍ പിടിയിലായ പ്രതി സാബിത് നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലേക്ക് ഉള്‍പ്പെടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും അവയവദാനത്തിനായി ആളുകളെ കൊണ്ടുപോയതെന്നാണ് സൂചന. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘമാണ് അവയവക്കടത്തിനു പിന്നിലെന്നാണ് സാബിത്തില്‍നിന്ന് ലഭിച്ച വിവരം.

Related Posts

Leave a Reply