International News Sports

അല്‍ ഹിലാലില്‍ നെയ്മറിനു വന്‍ വരവേല്‍പ്പ്

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് അല്‍ ഹിലാലില്‍ വന്‍ വരവേല്‍പ്പ്. കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ടീം ജേഴ്‌സിയില്‍ നെയ്മറിനെ അവതരിപ്പിച്ചത്. ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മനില്‍ നിന്നാണ് നെയ്മര്‍ സൗദി ക്ലബിനൊപ്പം ചേരുന്നത്. ഗംഭീരമായ വരവേല്‍പ്പോടെയാണ് താരത്തെ ആരാധകര്‍ വരവേറ്റത്. ‘നമുക്ക് നമ്മുടെ ഫുട്‌ബോള്‍ ആസ്വദിക്കാം, ഒരുമിച്ച് ചാമ്പ്യന്‍ഷിപ്പുകള്‍ നേടാം’ ആരാധകരെ അഭിസംബോധന ചെയ്ത് നെയ്മര്‍ പറഞ്ഞു.

നെയ്മറിനൊപ്പം മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസീന്‍ ബോനൂവിനെയും അല്‍ ഹിലാല്‍ ആരാധകര്‍ക്ക് മുന്‍പിലെത്തിച്ചു. രണ്ട് വര്‍ഷത്തേക്കാണ് അല്‍ ഹിലാലില്‍ നെയ്മറിന്റെ കരാര്‍. 100 മില്ല്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് നെയ്മറെ അല്‍ ഹിലാല്‍ പിഎസ്ജിയില്‍ നിന്ന് സ്വന്തമാക്കിയത്.

2017ലാണ് നെയ്മര്‍ ബാര്‍സയില്‍ നിന്ന് പിഎസ്ജിയിലേക്ക് റെക്കോര്‍ഡ് ട്രാന്‍സ്ഫറിലൂടെ എത്തുന്നത്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. 173 മത്സരങ്ങള്‍ താരം പിഎസ്ജിക്കായി കളിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, സാദിയോ മാനെ, എന്‍ഗോളോ കാന്റെ, റിയാ്ൃദ് മെഹ്‌റാസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് നെയ്മറും എത്തുന്നത്.

യൂറോപ്യന്‍ ക്ലബുകള്‍ക്ക് നല്‍കാന്‍ കഴിയാത്ത, കനത്ത ശമ്പളമെറിഞ്ഞാണ് സൗദി ക്ലബുകള്‍ താരങ്ങളെ ആകര്‍ഷിക്കുന്നത്. സീസണിലെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ഒട്ടേറെ വമ്പന്‍ താരങ്ങളെ അല്‍ ഹിലാല്‍ ക്ലബിലെത്തിച്ചിരുന്നു. റൂബന്‍ നെവെസ്, സെര്‍ജി മിലിങ്കോവിച്ച്-സാവിച്, മാല്‍കോം, കലിദൂ കൗലിബാലി തുടങ്ങി യൂറോപ്യന്‍ താരങ്ങളൊക്കെ നിലവില്‍ അല്‍ ഹിലാലിന്റെ താരങ്ങളാണ്.

Related Posts

Leave a Reply