മെമ്മോ കിട്ടിയാല്‍ അറസ്റ്റിന് വഴങ്ങുമെന്ന് പി വി അന്‍വര്‍. താന്‍ കക്കാനും കൊല്ലാനും പോയതല്ലെന്നും ഒരു പാവപ്പെട്ട ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഒന്‍പത് ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ആറ് മരണമാണ് ഉണ്ടായത്. അതിന് ഡിഎഫ്ഒ ഓഫീസില്‍ ഒരു പ്രതിഷേധം നടത്തിയതാണ് നടക്കട്ടെ – അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും അറിവോടും നിര്‍ദേശത്തോടെയുമാണ് തീരുമാനം. പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായിക്ക് അധികാരത്തിന്റെ ജ്വരം മൂത്തിരിക്കുകയാണ്. അധികാരം അഹങ്കാരമായി മാറുകയാണെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. ദാവിദ് ഇബ്രാഹിമിനെയും വീരപ്പന്റെയും ഒക്കെ ഗണത്തില്‍ തന്നെയും പെടുത്തിയിട്ടുണ്ടാകുമെന്ന് അന്‍വര്‍ പറയുന്നു. ഞാന്‍ ഇവിടെ ചെയ്തത് എന്താണ്. പൊലീസിലെ വര്‍ഗീയതയെ കുറിച്ച് പറഞ്ഞു. മലപ്പുറം ജില്ലയിലെ ഒരു കമ്യൂണിറ്റിയെ ലക്ഷ്യം വച്ചുകൊണ്ട് അജിത് കുമാറും സുജിത് ദാസും നടത്തിയ തോന്ന്യവാസം പറഞ്ഞു. പൊലീസുമായി ബന്ധപ്പെട്ട അനീതികള്‍ പറഞ്ഞതാണ് ഒന്നാമത്തെ തെറ്റ്. മലയോര മേഖലയിലെ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത വിധമുള്ള നിയമ ഭേതഗതികള്‍ നിയമസഭയില്‍ കൊണ്ടു വരുമ്പോള്‍ അത് ശരിയല്ലെന്ന് പറഞ്ഞതാണ് രണ്ടാമത്തെ തെറ്റ് അന്‍വര്‍ പറഞ്ഞു.
ഇത്രവലിയ പ്രശ്‌നമുണ്ടാകുമ്പോള്‍, വന്യ മൃഗശല്യം രൂക്ഷമാകുമ്പോള്‍, ഫോറസ്റ്റ്കാര്‍ക്ക് അമിതാധികാരം കൊടുക്കുന്ന ബില്ല് വരുമ്പോള്‍ ഈ മലയോരത്തിന് ജീവിക്കുന്ന ഒരു ജനപ്രതിനിധി എന്ന നിലയില്‍ പ്രതികരിക്കുക എന്നത് ഉത്തരവാദിത്തമാണെന്നും താന്‍ അത് നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു. അതിന് അവര്‍ ചെയ്യുന്നതൊക്കെ ചെയ്യട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.