Kerala News

അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു.

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. അര്‍ജുന്റെ അമ്മയുടെ സഹോദരി നല്‍കിയ പരാതി പ്രകാരം കോഴിക്കോട് സിറ്റി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ അര്‍ജുന്റെ കുടുംബം മന്ത്രി പി എ മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.

അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി സൈന്യം ഇറങ്ങിയ ദിവസം അമ്മ ഷീല വൈകാരികമായി നടത്തിയ പ്രതികരണത്തിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്താണ് കുടുംബത്തിന് നേരെ ചിലര്‍ സൈബര്‍ ആക്രമണം തുടങ്ങിയത്. അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ യുവജന കമ്മീഷന്‍ കേസെടുത്തിരുന്നു, സൈബര്‍ ആക്രമണം നടത്തിയ ഫേസ്ബുക്ക്, യുട്യൂബ് അക്കൗണ്ടുകള്‍ കണ്ടെത്തി നടപടി എടുക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവികള്‍ക്ക് യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് സൈബര്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാജ വീഡിയോകളുള്‍പ്പെടെ പ്രചരിപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Related Posts

Leave a Reply