ചില ശാസ്ത്ര സത്യങ്ങൾ അടർത്തിയെടുത്ത്, ഭാവനാ സമ്പന്നമായ കഥകൾ ചേർത്ത് തട്ടിപ്പ് നടത്തുന്നവർ സൈബർ ലോകത്ത് ധാരാളമുണ്ട്. അങ്ങനെയൊന്നാണ് അരുണാചൽ പ്രദേശിൽ മരിച്ച മലയാളി ദമ്പതിമാരുടെ സുഹൃത്തിന്റെ ഇ-മെയിലിൽ കണ്ട മിതി എന്ന അന്യഗ്രഹ ജീവി. ആരാണ് ഈ മിതി? എന്താണ് മിതിയുടെ പിന്നിലുള്ളവരുടെ ലക്ഷ്യം?
ഭൂമിയും സൂര്യനും മറ്റു ഗ്രഹങ്ങളുമെല്ലാം ഉൾപ്പെടുന്ന സൗരയൂഥമടക്കമുള്ള താരാപഥമാണ് മിൽക്കിവേ. മിൽക്കിവേയുടെ അയൽവാസിയായ മറ്റൊരു താരാപഥമാണ് ആൻഡ്രോമെഡ ഗാലക്‌സി. ഭൂമിയിൽ നിന്ന് 25 ലക്ഷം പ്രകാശവർഷങ്ങൾ അകലെയാണ് ഈ ഗാലക്‌സി. എന്നാൽ സെക്കൻഡിൽ 300 കിലോമീറ്റർ വേഗത്തിൽ അത് മിൽക്കിവേയിലേക്ക് പാഞ്ഞടുക്കുന്നു. 450 കോടി വർഷങ്ങൾ കഴിയുമ്പോൾ ആൻഡ്രോമെഡ ഗാലക്‌സി മിൽക്കിവേയിൽ ഇടിക്കുമെന്നാണ് അനുമാനം.
ഇത്രയും ശാസ്ത്രം. ഇതിനെ പിൻപറ്റി ഡാർക്ക് വെബ്ബിൽ വിളയാടുന്ന ചില സമൂഹവിരുദ്ധരുണ്ട്. അവരാണ് ആൻഡ്രോമെഡ ഗാലക്‌സിയിൽ താമസിക്കുന്ന ‘മിതി’ എന്ന സാങ്കൽപിക ജീവിയെ യാഥാർത്ഥ്യമെന്നോണം അവതരിപ്പിക്കുന്നത്. മൂൺ എക്‌സ്‌പ്ലോറർ എന്ന ബ്ലോഗ്‌സ്‌പോട്ടിൽ ക്യാപ്റ്റൻ ബിൽ എന്ന വ്യക്തി അന്യഗ്രഹജീവിയായ മിതിയുമായി നടത്തിയ സംഭാഷണങ്ങൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു.
മനുഷ്യന് മുമ്പ് അന്യഗ്രഹജീവികൾ ഭൂമി സന്ദർശിച്ചിരുന്നുവെന്നും മറ്റ് സസ്തനികളെ എത്തിച്ച് അവ സാഹചര്യവുമായി ഇണങ്ങുന്നുവെന്ന് ബോധ്യപ്പെട്ടശേഷമാണ് ഹ്യൂമനോയിഡുകളെ എത്തിച്ചതെന്നുമൊക്കെ തട്ടിമൂളിക്കുന്നുണ്ട് അന്ധവിശ്വാസ പ്രചാരകർ. സ്‌പേസ് ഷിപ്പിൽ താമസമാക്കിയ ആളാണ് മിതിയെന്നും പല അന്യഗ്രഹജീവികളും ഭൂമിയിൽ പിടിയിലായിട്ടുണ്ടെന്നുമൊക്കെയാണ് പ്രചാരണം. ഭൂമിയിൽ സ്ഥിരമായി അന്യഗ്രഹ ജീവികൾ വസിക്കുന്നില്ലെങ്കിലും അന്റാർട്ടിക്കയിൽ അടക്കം രണ്ട് സബ്മറൈൻ സ്റ്റേഷനുകൾ അന്യഗ്രഹജീവികൾക്കുണ്ടെന്നും പറയുന്നു. എന്താണ് മിതിയുടെ സ്രഷ്ടാക്കളുടെ ആത്യന്തിക ലക്ഷ്യം പണമുണ്ടാക്കുക എന്നത് മാത്രമാണ്.