Kerala News

അരഞ്ഞാണ മോഷണത്തിൽ തൊണ്ടിമുതലിനായുള്ള മലപ്പുറം തിരൂർ പൊലീസിന്റെ കാത്തിരിപ്പ് അവസാനിച്ചു

മലപ്പുറം: അരഞ്ഞാണ മോഷണത്തിൽ തൊണ്ടിമുതലിനായുള്ള മലപ്പുറം തിരൂർ പൊലീസിന്റെ കാത്തിരിപ്പ് അവസാനിച്ചു. സ്വർണം വിഴുങ്ങിയ സ്ത്രീയുടെ വയറ്റിൽ നിന്നും അരഞ്ഞാണം പുറത്ത് വന്നതോടെയാണ് പൊലീസിന് ആശ്വാസമായത്. സൂപ്പർ ഹിറ്റ് സിനിമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടവരാരും പ്രതിയിൽ നിന്ന് തൊണ്ടിമുതൽ കണ്ടെടുക്കാനുള്ള പൊലീസിന്റെ പെടാപാട് മറന്നു കാണില്ല. ഇതേ കഷ്ട്പാടിലായിരുന്നു കഴിഞ്ഞ നാലു ദിവസം തിരൂരിലെ പൊലീസ്.

പ്രാര്‍ത്ഥനക്കെന്ന വ്യാജനെ പാൻബസാര്‍ പള്ളിയിൽ എത്തിയ നിറമരുതൂര്‍ സ്വദേശി ദിൽഷാദ് ബീഗമാണ് കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ചത്. പ്രതിയെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.പൊലീസ് എത്തി ദേഹപരിശോധന നടത്തിയെങ്കിലും സ്വർണ്ണം കണ്ടെത്തൻ കഴിഞ്ഞില്ല. ദിൽഷാദ് ബീഗം മോഷ്ടിച്ചതിന് ദൃക്‌സാക്ഷികൾ ഉള്ളതിനാല്‍ പ്രതി ഇവരെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നെ തൊണ്ടിമുതൽ കണ്ടെത്താനുള്ള പെടാപ്പാടായി.

അരഞ്ഞാണം വിഴുങ്ങിയിരിക്കാം എന്ന സംശയത്തിൽ പോലീസ് ഇവരെ ആശുപത്രിയിൽ എത്തിച്ചു എക്സ്റേ എടുത്തു. സ്വർണ്ണം വയറ്റിൽ ഭദ്രമായി ഉണ്ടെന്ന് എക്സ് റെയിൽ തെളിഞ്ഞു.തൊണ്ടിമുതലിനായി കാത്തിരിക്കുന്നതിനിടയില്‍ പ്രതിയെ കോടതിയില്‍ എത്തിക്കേണ്ട സമയം ആയതോടെ ഹാജരാക്കി. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്വർണ്ണം വെളിയില്‍ വന്നില്ല.

പിന്നൊന്നും ആലോചിച്ചില്ല സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി തിരൂരിലെ പൊലീസുകാര്‍ ദിൽഷാദ് ബീഗത്തിന് ജ്യൂസും പഴവും വേണ്ടുവോളം നൽകി. എല്ലാ പെടാപാടുകള്‍ക്കും അങ്ങനെ നാലാമത്തെ ദിവസം പരിഹാരമായി. സ്വർണ്ണ അരഞ്ഞാണം പുറത്ത് വന്നു. തൊണ്ടിമുതൽ കിട്ടിയ പൊലീസ് തെളിവ് സഹിതം പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കി ജയിലിൽ എത്തിച്ചു.

Related Posts

Leave a Reply