അയോധ്യ തര്‍ക്കത്തിന് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വ്യക്തമാക്കി വീണ്ടും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. കഴിഞ്ഞ ദിവസം പൂനെയില്‍ വച്ചാണ് മോഹന്‍ ഭഗവത് ഇത്തരമൊരു പ്രതികരണം നടത്തിയത്. വിശ്വഗുരു ഭാരത് എന്ന പേരില്‍ ഒരു ലക്ചര്‍ സീരീസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ഇടങ്ങളില്‍ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കം അംഗീകരിക്കാന്‍ ആവില്ലെന്നാണ് മോഹന്‍ ഭഗവത് വ്യക്തമാക്കിയത്.
മതവിഭാഗങ്ങള്‍ ഐക്യത്തോടെ കഴിയുന്നതില്‍ ലോകത്തിലെ മാതൃകയാവണം ഇന്ത്യയെന്നും ഇവിടെ ന്യൂനപക്ഷവും ഭൂരിപക്ഷവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒന്നാണെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. വ്യത്യസ്ത വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ കഴിയുന്നതിന്റെ മാതൃക ഇന്ത്യ കാണിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിയിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പരാമര്‍ശം.
ഗ്യാന്‍വാപി മസ്ജിദിന് മുകളില്‍ ഹിന്ദുക്കള്‍ അവകാശം ഉന്നയിച്ച് കോടതിയില്‍ കേസ് നടക്കുന്ന സമയം ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ക്ക് എതിരല്ല എന്ന പരാമര്‍ശവുമായി മോഹന്‍ ഭഗവത് രംഗത്തെത്തിയിരുന്നു. പള്ളികള്‍ക്ക് അകത്തു നടക്കുന്നതും പ്രാര്‍ത്ഥനയാണ്. അത് പുറത്തുനിന്നു വരുന്നു എന്നുള്ളത് ശരിയാണ്. എന്നാല്‍ മുസ്ലീങ്ങള്‍ പുറത്തുനിന്നുള്ളവരല്ല. അവര്‍ ആ കാര്യം മനസ്സിലാക്കേണ്ടതുണ്ട്. അവര്‍ ആ വിശ്വാസം തുടരുന്നത് തീര്‍ത്തും സ്വീകാര്യവുമാണ്. ഏതെങ്കിലും തരത്തിലുള്ള വിശ്വാസത്തെ ആര്‍എസ്എസ് എതിര്‍ക്കുന്നുമില്ല – എന്നായിരുന്നു മോഹന്‍ ഭഗവത് പറഞ്ഞത്.