Kerala News

അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍.

കൊച്ചി: അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി അനുവാണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതില്‍ അധികം ആളുകളെ കബളിപ്പിച്ച് മൂന്ന് കോടിയോളം രൂപയാണ് യുവതി തട്ടിയെടുത്തത്.

അനു ഇസ്രായേലില്‍ കെയര്‍ ടേക്കര്‍ ആയി ജോലി ചെയിതിരുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥികളാണ് കൂടുതലും യുവതിയുടെ തട്ടിപ്പില്‍ ഇരകളായത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് അയര്‍ലന്‍ഡില്‍ വലിയ ശമ്പളവും ഉയര്‍ന്ന ജോലിയും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഒരാളില്‍ നിന്ന് 5 ലക്ഷം രൂപയോളമാണ് ഇവര്‍ ആവശ്യപ്പെടുക. ആളുകളില്‍ നിന്നും പണം കൈപ്പറ്റിയതിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മംഗലാപുരത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഇതേ രീതിയിലുള്ള തട്ടിപ്പ് കേസുകളില്‍ ഇവര്‍ പ്രതിയാണ്. നിലവില്‍ ഇവര്‍ക്കെതിരെ ഒമ്പത് കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പണം തട്ടിയെടുക്കുന്നതിനായി അനുവിന് മറ്റ് ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും പ്രതിയുടെ ഭര്‍ത്താവ് ജിബിന്‍ ജോബിനും തട്ടിപ്പില്‍ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലിസ്. ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Related Posts

Leave a Reply