Entertainment Kerala News Top News

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടൻ സിദ്ദിഖ്.

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടൻ സിദ്ദിഖ്. രാജികത്ത് അമ്മ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. യുവനടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. രണ്ടു വരിയിലാണ് സിദ്ദിഖിന്റെ രാജി കത്ത്. ‘നിലവിലെ ആരോപണങ്ങൾ അറിഞ്ഞു കാണുമല്ലോ, ഈ സാഹചര്യത്തിൽ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ അനുവദിക്കണം’-എന്നാണ് രാജികത്തിലുള്ളത്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് സ്വമേധയാ രാജിവയ്ക്കുകയാണെന്ന് സിദ്ദിഖ്  പ്രതികരിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടി രേവതി സമ്പത്താണ് രംഗത്തെത്തിയത്. ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിലും വിഷയം ചർച്ചയായി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും തുടർനടപടി സ്വീകരിക്കുക. ജനറൽ സെക്രട്ടറിക്കെതിരെയുള്ള ലൈംഗികാരോപണം അമ്മ സംഘടനയിലും പുതിയ തർക്കങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

നടൻ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് പറഞ്ഞിരുന്നു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്നായിരുന്നു രേവതി സമ്പത്ത് വെളിപ്പെടുത്തിയത്.

പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. ആ ദുരനുഭവം പറയാൻ പോലും സമയമെടുത്തു. ഉന്നതരായ പല ആളുകളും മാറ്റിനിർത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ ക്രിമിനൽ ആക്ടിവിറ്റി എന്ന് വിശേഷിപ്പിച്ച ആളാണ് സിദ്ദിഖ്. അതേ ക്രിമിനൽ ആക്ടിവിറ്റിയാണ് നടൻ തന്നോടും ചെയ്തതെന്ന് രേവതി പറഞ്ഞു. നിയമ നടപടിക്ക് ശ്രമിച്ചെങ്കിലും ഉന്നതരായ സിനിമക്കാരുടെ സ്വാധീനം കൊണ്ട് അതിന് സാധിച്ചില്ല. അത്രത്തോളം പീഡനം അനുഭവിച്ചതിനാൽ ഇനി നിയമനടപടിക്കില്ലെന്നും രേവതി സമ്പത്ത്  പറഞ്ഞു.

Related Posts

Leave a Reply